Tuesday, April 3, 2012

എന്റെ കാമുകി ആനയെ സ്വപ്നം കണ്ടപ്പോള്‍............

അതിരാവിലെ വിളിച്ചുണര്‍ത്തി അവള്‍ പറയുന്നൂ 'ഞാന്‍ ഒരു ആനസ്വപ്നം കണ്ടു..' എഴുന്നേല്‍ക്കാന്‍ തെല്ലും മനസ്സില്ലാതെ ഞാന്‍ പറഞ്ഞൂ.. 'നീ ആനയും ഞാന്‍ ഉറുമ്പും എന്നാവും അല്ലേ ?'. ' പോടാ പോടാ 'എന്നവള്‍ കലമ്പി... പിന്നെ സീരിയസായ് പറഞ്ഞൂ.. 'അദേയ്, ഇത് അല്പം സീരിയസാണു.. നീ കേട്ടേ പറ്റൂ..'

'ഉം...'

ഞാന്‍ മൊബൈല്‍ ശബ്ദത്തെ സ്പീക്കറിനെ ഏല്പിച്ച് അലസമായ് കിടന്നു..

'നമ്മള്‍ ഒരു ഇടവഴിയേ നടന്നു പോകുകയായിരുന്നേ.. അപ്പോള്‍ എതിരെ ഒരാന വരുന്നു.. ഈ ആനയുടെ പ്രത്യേകത അതിനെ പേടിയോടെ നോക്കിയാല്‍ ഉപദ്രവിക്കും എന്നാണേ...'

കഥ പറച്ചില്‍ കേള്‍ക്കാനില്ല... ഹലോ ഹലോ നീ എവിടെ ഞാന്‍ ഉറക്കെ ഉറക്കെ ചോദിച്ചു...

'ഹേയ്, ഇങ്ങട് നോക്ക് ഞാനീ മരത്തിന്റെ കൊമ്പിലുണ്ട്..'

'എന്താ നിന്റെ കാമുകി എന്നെക്കണ്ട് പേടിച്ചോ ?'ആന എന്റെ കണ്ണുകളിലേക്ക് രൂക്ഷമായ് നോക്കി..

'ഇല്ലല്ലോ ഗജവീരാ... അവള്‍ ഒരു മരം കേറിയാ ആ മാവിന്റെ കൊമ്പില്‍ ഒരു മാമ്പഴം കണ്ടില്ലേ അത് പറിക്കാന്‍ അവള്‍ കയറിയതല്ലേ...'

ആനക്ക് കാര്യം മനസ്സിലായ്... അത് ഒരു ചിരി ചിരിച്ചു.. ഒരു ആനച്ചിരി.. കൊമ്പുകള്‍ മെല്ലെ മെല്ലെ ഇളകി.. തുമ്പികൈ ചുരുട്ടി കൊമ്പില്‍ പിടിച്ചു. ചെവികള്‍ ആഞ്ഞു വീശി.. ആന വയര്‍ കുലുങ്ങും മട്ടില്‍ ചിരിച്ചു..

'അതേയ് അവള്‍ എന്നെക്കണ്ട് പേടിച്ചിട്ടാ മരത്തില്‍ കേറിയതെന്ന് എനിക്കറിയാം എന്നാലും നിന്റെ മറുപടി എനിക്കിഷ്ടമായ്.. ഈ സമയത്തല്ലേ നിനക്ക് നിന്റെ കാമുകിയെ മരം കേറി എന്ന് വിളിക്കാന്‍ പറ്റൂ..

അവളെയും കൂട്ടി ആ വായനശാലയിലേക്ക് പൊയ്ക്കോ... അവിടെ വായിക്കാന്‍ ധാരാളം പുസ്തകങ്ങളുണ്ട്..'



പിന്നീട് ആന എന്റെ ചെവിയില്‍ മന്ത്രിച്ചു.. 'ഇറങ്ങി വരുമ്പോള്‍ അവളോട് ആ മാമ്പഴം കൂടി പറിച്ചോണ്ട് വരാന്‍ പറയൂ..'

ആന വ്യാകരണത്തെറ്റില്ലാതെ നടന്നകന്നു..

അവള്‍ മരത്തില്‍ നിന്നും പതിയെ പതിയെ ഇറങ്ങി വന്നൂ.. മാങ്ങാച്ചാര്‍ അവളുടെ ചുണ്ടിലൂടെ ഒലിച്ചിരുന്നു.. അവളുടെ കൈകളില്‍ മാമ്പഴച്ചാര്‍...

എന്റെ ദേഷ്യം പൂണ്ട കണ്ണുകളെ അവഗണിച്ച് അവള്‍ ചോദിച്ചു: 'ആന എന്താ പറഞ്ഞത് ?'

'നീ ഒരു കൊതിച്ചിയാണെന്ന്...'

അവള്‍ കൈകള്‍ എന്റെ മൂക്കിന്‍ തുമ്പത്ത് മണപ്പിച്ചു..

ഞാന്‍ വായനശാലയിലേക്ക് നടന്നു.. പിന്നാലെ അവളും ഓടി വന്നു..

വായനശാല നിറയെ പുസ്തകങ്ങള്‍..

ദാസ്തേവസ്കി, മാര്‍ക്കേസ്, മാക്സിം ഗോര്‍ക്കി, ഷേക് സ്പിയര്‍, വ്യാസന്‍, ഹോമര്‍, മുഹമ്മദ് ബഷീര്‍... അവരുടെ പുസ്തകങ്ങളുമായ് അവര്‍ കാത്തിരിക്കുന്നു..

മാര്‍ക്കേസിന്റെ അരികിലെത്തിയപ്പോള്‍ മാര്‍ക്കേസ് അവളോട് എന്തോ മന്ത്രിച്ചു. അവള്‍ നിറനിലാവു പോലെ ഒരു ചിരി... മാര്‍ക്കേസ് എന്നെ കണ്ണിറുക്കിക്കാണിച്ചു.. ഞാനും എന്നോടും എന്തെങ്കിലും പറയും എന്ന് വിചാരിച്ച് നില്‍ക്കേ മാര്‍ക്കേസിനെ മെര്‍സിഡസ് വന്ന് വിളിച്ചുകൊണ്ട് പോയി..



ദാസ്തേവസ്കി തന്റെ നീണ്ട താടി തടവി എന്തോ ആലോചനയില്‍.. മുഴുത്തു ചോന്ന കണ്ണുകള്‍ ഞങ്ങളെ നോക്കിയപ്പോള്‍ അവള്‍ എന്റെ പിന്നിലേക്ക് വലിഞ്ഞൂ.. 'പേടിക്കേണ്ട അന്നയെ കാണത്തതിന്റെ ദേഷ്യമാ' ഞാന്‍ പറഞ്ഞു.. 'അതയോ..?' അവള്‍ മെല്ലെ മെല്ലെ ചോദിച്ചൂ.. 'അതേന്നെ... രാവിലെ അന്ന വന്ന് ചായ ഉണ്ടാക്കിക്കൊടുത്തിട്ടുണ്ടാവില്ല അതാവും ഈ ദേഷ്യം...!'



'എന്തൂട്ട് ലൊട്ടുലൊടുക്ക് സാധനമാടാ തിരയുന്നത്...?' ബേപ്പൂര്‍ സുല്‍ത്താന്‍ മുന്നില്‍... 'ഹത് പിന്നെ... ന്റെ ഉപ്പുപ്പാക്കൊരാനയുണ്ടാര്‍ന്ന്....'

' ഭ് ! അതിനു ഞാന്‍ എന്തോ വേണം... നിന്റെ ചന്തിയില്‍ തഴമ്പുണ്ടോടാ..'

'ഇല്ലേ...' ഞാന്‍ താഴ്മയായ്.. അവള്‍ മുഖം പൊത്തിച്ചിരിക്കുന്നു.. കശ്മലച്ചി..!



'ഇരിക്ക്... സുലൈമാനി കുടിച്ചേച്ചും പോകാം..' സുല്‍ത്താന്‍ ഞങ്ങള്‍ക്ക് സുലൈമാനി നല്‍കി. പിന്നെ ഞങ്ങളെ നോക്കി പറഞ്ഞു.. :

'കൊള്ളാം.. മണഗൊണാഞ്ചനും മണഗൊണാഞ്ചിയും... 'എന്നിട്ട് സുല്‍ത്താന്‍ ഉഗ്രമായ് ചിരിച്ചു... ഞങ്ങളും ചിരിച്ചു..

മധുരം പാകമായ സുലൈമാനി....



'മാര്‍ക്കേസ് എവിടെ പോയി സുല്‍ത്താനേ?' അവള്‍ പതിയെ ചോദിച്ചു..

'ഹോ,അവനു രാവിലെ തൂറാന്‍ മുട്ടിക്കാണും...'



ചോദിച്ചതേ വേണ്ടെന്ന രീതിയില്‍ അവള്‍ പമ്മി.. എനിക്ക് പെരുത്തിഷ്ടായി.. അങ്ങനെ തന്നെ വേണം കശ്മലച്ചികളെ ഒതുക്കാന്‍..



'ഇവിടെ വായിക്കാന്‍ നില്‍ക്കാതെ അനന്ത വിശാലമായ അണ്ഡകടാഹത്തിലേക്കിറങ്ങി പ്രണയിക്കടാ ലൊട്ടുലൊടുക്കേ....,നാണമില്ലേ പ്രണയിക്കേണ്ട സമയത്ത് വായിക്കാന്‍ വരാന്‍..'



ഞാനും അവളും വായനശാലയില്‍ നിന്നും പുറത്തേക്ക് ചാടി ഇറങ്ങി..



മുന്നില്‍ ആന... ആനയുടെ ചിരി അവസാനിച്ചിട്ടേയില്ല..

ഇത്തവണ ആന അവളോടാണു സംസാരിച്ചത്.. ആന ചിരിച്ചുലഞ്ഞ് നിന്നതിനാല്‍ അവള്‍ക്ക് ആനയെപ്പേടിയും ഇല്ലായിരുന്നു..

'ഇത്തവണ പ്ലെസ് വണ്ണിനു ദാസ്തേവസ്കിയുടെ കാരമോസോവ് ബ്രദേഴ്സാണു പഠിക്കാനുള്ളത്..'



'ആഹാ... അത് നന്നായിരിക്കും...'

'ഉം..' ആന മൂളി...



എന്നിട്ട് അവളോട് പറഞ്ഞൂ 'നീ ക്ലാസെടുക്കണം..'

ഞാന്‍ പറഞ്ഞു 'ഐരാവതമേ ഞാന്‍ ക്ലാസെടുക്കാം..'

'വേണ്ട ! നിന്റെ ക്ലാസ് മനോഹരമാണു എനിക്കറിയാം.. ഇവള്‍ ക്ലാസെടുക്കട്ടെ.. ഇത്രയും കാലം എന്താ പഠിച്ചതെന്ന് നോക്കാമല്ലോ...!'



അവള്‍ ക്ലാസെടുക്കുന്നു... ക്ലാസില്‍ ഒരു കുട്ടിയായ് ഞാനും ഇരിക്കുന്നു..

'ദാസ്തേവസ്കി, നീഗൂഡതകളുടെ ആള്രൂപം എന്ന് പറയാം. അദ്ദേഹത്തിന്റെ ജീവിതത്തിന്റെ തന്നെ നീരീക്ഷണങ്ങളില്‍ നിന്നും രൂപപ്പെട്ട മനശാസ്ത്രവിശകലനമാണു തന്റെ കഥകളില്‍ അദ്ദേഹം എഴുതിയെന്ന് കാണാന്‍ സാധിക്കും...

ക്ലാസ് തുടരുകയാണു.... പുറത്ത് ആന ഞങ്ങളെ കാത്തിരിക്കുന്നു..

'അതിനാല്‍ ദാസ്തേവസ്കിയുടെ എഴുത്തിലേക്ക് കടക്കും മുന്നെ എഴുത്തുകാരനെ പഠിക്കേണ്ടി വരുന്നു വായനക്കാരനു..' അവള്‍ ക്ലാസ് അവസാനിപ്പിച്ചു..



ആനയുടെ മുന്നില്‍ ഞങ്ങള്‍ നിന്നു.. ഇടക്ക് ക്ലാസില്‍ നിന്നും പുറത്ത് പോയി ഞാന്‍ ആനയെ ബന്ധിച്ചിരുന്നു. ഒരു ചാക്കു നൂലിനാല്‍.......

ആന തന്റെ തുമ്പികൈ ചൂണ്ടിപ്പറഞ്ഞു..



'നിന്റെ ക്ലാസ് കുട്ടികള്‍ക്ക് മനസ്സിലാവുന്നില്ല... നീ വാക്കുകള്‍ പ്രസംഗ പീഠത്തില്‍ നിന്നും ഊതിപ്പറപ്പിക്കുന്നതുപോലെയാണു ക്ലാസ് എടുക്കുന്നത്... അത് കുട്ടികളിലേക്ക് എത്തില്ല..'



'ദേഷ്യമായെങ്കില്‍ ഞാന്‍ ക്ലാസെടുക്കാം ' ഞാന്‍ പറഞ്ഞു..

ആന എനിക്ക് നേരേ തുമ്പിക്കൈ ചുരുട്ടി..

'നിന്റെ ക്ലാസ് , നിന്നെ മനസ്സിലാവും നീ പഠിപ്പിക്കുന്നതൊന്നും മനസ്സിലാവില്ല..'



പിന്നീട് ആന ചിരിയോട് ചിരി...ആനച്ചിരിയുടെ അലകളടങ്ങുമ്പോള്‍....

അവള്‍ പറയുന്നൂ...

'എടാ നീ കേട്ടോ ഞാന്‍ പറഞ്ഞത് ?

ആ ആന എന്നെ ഇതുവരെ ഓടിക്കുകയായിരുന്നു.... ഒടുവില്‍ എന്നെ കടന്നു പിടിച്ച് തുമ്പിക്കൈയില്‍ ചുര്‍ട്ടി.. ഒറ്റയേര്‍...... ഹമ്മേ ഞാന്‍ ആകാശത്തേക്ക് ശൂന്ന് പൊങ്ങിപ്പോയി... പിന്നെ നടുവും കുത്തി ഒറ്റ വീഴ്ച...'

'ഹ ഹ ഹ.... നീ കട്ടിലില്‍ നിന്നും താഴെ വീണോ..ഹ ഹ ഹ

'പോടാ... ആനച്ചിരി ചിരിക്കുന്നു... നിന്നെ ഞാന്‍ കൊല്ലും..!'

എന്റെ കാമുകിമാരുടെ വീര ചരിതങ്ങള്‍......

മുതുകില്‍ ആഞ്ഞു കടിച്ചുകൊണ്ടിരുന്ന ഒരു കൊതുകിനെ അടിച്ച് കൊല്ലാന്‍ അവളെ ഞാന്‍ വിളിച്ചപ്പോള്‍ അവള്‍ മുഖം വീര്‍പ്പിച്ച് പറഞ്ഞു... “ഞാന്‍ ആരുമല്ലല്ലോ നിങ്ങള്‍ നിങ്ങടെ കാമുകിമാരെ വിളിക്ക് എനിക്ക് ആരാച്ചാരുടെ പണിയൊന്നുമില്ല..!”

“എടീ, നിന്നെ സ്നേഹിക്കുന്ന ഓരോ തുള്ളിച്ചോരയുമാണു ഈ കൊതുകെന്ന കശ്മലന്‍ വലിച്ച് കുടിക്കുന്നത്...”

“പിന്നെ പിന്നെ എന്നോടീ പുന്നാരം പോലെ നാടു നീളെ നടന്ന് പുന്നാരം പറഞ്ഞ് ഇപ്പോള്‍ എത്രയാ നിങ്ങള്‍ക്ക് കാമുകിമാര്‍... നിങ്ങടെ ചോരമുഴുവന്‍ കൊതുകും മൂട്ടയും അട്ടയും രസിച്ച് കുടിച്ച് പോകട്ടെ...”

അവള്‍ അനങ്ങുന്നില്ല... മടി മൂത്ത് ഞാന്‍ കൊതുകിന്റെ വയറ്റില്‍ നിറയുന്ന എന്റെ ചോരയുടെ കാര്യമോര്‍ത്തിരുന്നു. ഓരോതുള്ളിച്ചോരക്കും പ്രതികാരം ചെയ്യാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും ബഷീര്‍ വചനം ഓര്‍ത്ത് മിണ്ടാതിരുന്നു.......

"ഠപ്പോ" പൂരത്തിനു ഇരുട്ടമിട്ട് പൊട്ടുന്നതിലും ഉച്ചത്തിലും ആഘാതത്തിലും അവള്‍ എന്റെ പുറത്ത് ആഞ്ഞടിച്ചു... കൊതുക് ചത്തില്ല. അത് മൂളിമൂളി ഞങ്ങള്‍ക്ക് ചുറ്റും പറന്നു...

അവള്‍ ആഹ്ലാദിച്ച് ചിരിച്ചു.. ഞാനൊന്നും മിണ്ടാതെ വേദന സഹിച്ചിരുന്നു... “കാമുകിമാരെക്കുറിച്ചോര്‍ത്തിരിക്കുവാണോ...?”

“ഉം...”

“അവളുമാരുടെ പേരൊക്കെയൊന്ന് പറഞ്ഞേ...?”

“എന്തിനാടീ...?”

“അവളുമാരുടെ തലയില്‍ ആറ്റം ബോംബിടാന്‍...”

“പറഞ്ഞില്ലെങ്കില്‍...?”

“നിങ്ങടെ തലയില്‍ ഞാനാ ബോംബിടും..!”

പ്രണയം വളരെ നല്ലതാണു പക്ഷേ, പ്രണയത്തിന്റെ പേരില്‍ രക്തസാക്ഷിയാവുന്നത് അത്ര നല്ല കാര്യമല്ല..

ഞാന്‍ പറഞ്ഞു...

“സൈനബ..”

“ഉം....”അവള്‍ മൂളി..

“സുഹറ...”

“ഉം..ഉം....”വീണ്ടും മൂളി...

“സാറാമ്മ...”

“ഉമ്മ്മ്മ്മ്മ്മ്മ്ം....”ഉച്ചത്തില്‍ മൂളീ...

“ഫെര്‍മിനാന്‍ഡാ ഡാസാ...”

ഇത്തവണ മൂളല്‍ കേട്ടില്ല. അയാള്‍ തല ചെരിച്ച് നോക്കിയപ്പോള്‍ അവള്‍ അമ്പരന്നിരിക്കുന്നു... “ഏതവളാ അവള്‍...? നമ്മുടെ നാട്ടുകാരിയല്ലേ...?”

ഞാന്‍ ചിരിച്ചു...

“എന്തിനാ മനുഷ്യേനേ ഞാന്‍ ഇത്രയും സ്നേഹിച്ചിട്ടും ഈ നാടു നീളെ നടന്ന് പ്രണയിക്കുന്നത്...?എന്റെ പ്രണയത്തില്‍ വല്ല കലര്‍പ്പുമുണ്ടോ...? സമയാ സമയം ചായ കാപ്പി പലഹാരങ്ങള്‍ ഉണ്ടാക്കിത്തരുന്നില്ലേ ?”

“ഉണ്ട്...”

“നിങ്ങടെ കുഞ്ഞിനെ പെറ്റ് പൊന്നുപോലെ വളര്‍ത്തുന്നില്ലേ...?”

“ഉണ്ട്...”

ഇത്തവണ അവള്‍ അതി രൂക്ഷമായും പൈശാചികമായും അയാളെ ആക്രമിച്ചു...

“കാരണം പറ...എന്നേത്തിന്റെ സൂക്കേടാ നിങ്ങള്‍ക്ക്...?”

“എടീ, ഞാന്‍ സൈനബയെ പ്രണയിക്കുന്നത്... മുച്ചീട്ടു കളിക്കാരന്റെ രൂപാച്ചീട്ടില്‍ സൂചിക്ക് തുളയിട്ട് എന്നെ വിജയിപ്പിക്കാന്‍...”

“ങേ.....” അവളുടെ ഒരു കണ്ണ് ചെറുതായി

“സുഹറയെ പ്രണയിക്കുന്നത്.... എന്റെ കാലില്‍ പരു വരുമ്പോള്‍ അടുത്തിരുന്ന് ഊതിയൂതി അതിന്റെ നീറ്റലും വേദനയും ആറ്റാന്‍....”

“അയിനു ഞാനില്ലേ....?”

“നീ എന്റെ പരുക്കില്‍ ചുംബിക്കുമോ...?”

“അയ്യേ..... അങ്ങനെ വന്നാല്‍ ആശൂത്രീ കൊണ്ടെ കീറിച്ച് മരുന്ന് വെച്ച് ഇഞ്ചക്ഷനെടുക്കണം...!”

“അപ്പോള്‍ സാറാമ്മയെ പ്രണയിക്കുന്നതോ...?”

“ഞാന്‍ സമ്പാദിച്ചുകൊണ്ടുവരുന്നതെല്ലാം ചെലവാക്കാതെ സൂക്ഷിച്ചുവെക്കാന്‍... അവസാനം എനിക്ക് അതൊരു പ്രണയലേഖനമായി തരാന്‍......”

ഇത്തവണ അവള്‍ എന്നെ തുറിച്ച് നോക്കുകയും അമ്പരക്കുകയും ചെയ്യ്തൂ...

“എന്നാ ആ മാദാമ്മയെ എന്നേത്തിനാ പ്രണയിക്കുന്നെ....?”

“അത് വയസ്സുകാലത്ത് എന്റെ പുറം ചൊറിഞ്ഞ് തരാന്‍.....”

“അപ്പോള്‍ അപ്പോള്‍ ഞാനോ...?”

അവളുടെ കരച്ചിലിന്റെ ചീളുകള്‍ നെഞ്ചിനെ കീറുമ്പോള്‍ ഞാന്‍ പറഞ്ഞൂ...

“നീ ഷെഹറസാദ്.....!

ഓരോ രാവുകളില്‍ എനിക്കായ് കഥ പറയേണ്ടവള്‍.... കഥയായ് മാറേണ്ടവള്‍....”

“ഇല്ല...!

ഞാന്‍ ഞാനാണു......... ഞാനൊരു ഷെഹറസാദുമല്ല....

സാറ് സാറിന്റെ പ്രണയിനികളുമായി സുഖിച്ചോ....ഞാന്‍ എന്റെ കൊച്ചിനെ താരാട്ടുപാടിയുറക്കട്ടെ ... അതിനു നിങ്ങടെ കാമുകിമാരൊന്നും വരില്ലെ’ന്ന് പരിഭവിച്ച് ചാടിത്തുള്ളിയവള്‍ നടന്നകന്നപ്പോള്‍..........

പഴയ കൊതുക് ധൈര്യത്തോടെ പറന്നു വന്ന് എന്റെ നെഞ്ചില്‍ നിന്നും ചോരകുടിക്കാന്‍ തുടങ്ങിയിരുന്നു....!

ഒരു ഗസല്‍ കീര്‍ത്തനം പോലെ...

ഇന്നലെ രാത്രി അന്ന ദാസ്തേവസ്കിയുമായി പിണങ്ങി. സ്വര്‍ഗ്ഗത്തിലെത്തിയതിനു ശേഷം ദാസ്തേവസ്കി പഴയതുപോലെ എഴുത്തൊന്നുമില്ല. ദൈവവുമായി ചുമ്മാ സംസാരിച്ചിരിക്കും. അല്ലെങ്കില്‍ ചൂതു കളിക്കും. ലോകത്ത് നിന്നും പഠിച്ച അടവുകള്‍ക്ക് മുന്നില്‍ എപ്പോഴും ദൈവം തോറ്റുകൊണ്ടിരുന്നു. പന്തായം വെച്ച് കിട്ടുന്ന മഞ്ചാടിക്കുരുകൊണ്ട് ദാസ്തേവസ്കിയുടെ വീട് നിറഞ്ഞൂ... 'മനുഷേനേ, നിങ്ങള്‍ മറ്റുവല്ലതും പന്തയം വെച്ച് കളിക്കാന്‍' അന്ന എത്ര വട്ടം പറഞ്ഞിട്ടും ദാസ്തേവസ്കിക്കൊരു കൂസലുമില്ല. ഈയിടെയായ് താടിയിലെ പേന്‍ എടുത്തുകളയാന്‍ പോലും അന്നക്ക് ദാസ്തേവസ്കിയെ കിട്ടുന്നില്ല.

ഇന്നലെ രാത്രി ഒന്നും രണ്ടും പറഞ്ഞ് അന്ന വീടുവിട്ടിറങ്ങി.. ലോകത്ത് എന്തൊക്കെ സന്തോഷത്തോടെ ജീവിച്ചതാണു. ഗോതമ്പ് വയലുകള്‍ പൂത്തുലഞ്ഞ് നിന്നതിനു നടുവിലൂടെ ഫുള്‍പ്പാവാടയും ധരിച്ച് നടന്നതും കച്ചിത്തുറുവിന്റെ മണമാസ്വദിച്ച് രാവില്‍ ചന്ദ്രനെ നോക്കിയിരുന്നതും അപ്പോള്‍ ഏറ്റവും സുന്ദരമായ വാക്കുകളാല്‍ ദാസ്തേവസ്കി തന്നോട് സംസാരിച്ചതും.. അതില്‍ പലതും അന്ന എഴുതിയില്ല, മനസ്സില്‍ സൂക്ഷിച്ചു. എല്ലാം അങ്ങനെ വായനക്കാര്‍ക്ക് വിട്ടുകൊടുത്താല്‍ പിന്നെ അന്നക്ക് എന്ത് പ്രസക്തി. അതിനാല്‍ ലോകം കേള്‍ക്കാത്ത ധാരാളം പളുങ്കുവാക്കുകളുടെ ഒരു ശേഖരം തന്നിലുണ്ടെന്ന് അന്ന അഹങ്കരിച്ചു.. അത് അറിയാവുന്നത് ദൈവത്തിനുമാത്രം.. ആ കുശുമ്പുകൊണ്ടാണു ദൈവം ദാസ്തേവസ്കിയെ സ്വര്‍ഗ്ഗത്തിലും ചൂതില്‍ മയക്കിയിട്ടിരിക്കുന്നത്.. അന്നക്ക് ദൈവത്തിനോട് ദേഷ്യം വന്നു.. അവള്‍ നിലത്തു പടര്‍ന്നു കിടന്ന ഒരു പച്ചപ്പുല്ലെടുത്ത് ഒരു കടികൊടുത്തു.

സ്വര്‍ഗ്ഗത്തിലേക്ക് കുനിഞ്ഞപ്പോള്‍ ഒരു താക്കോല്‍ അന്ന കണ്ടു. നല്ല ഇരുമ്പില്‍ പണിതിരിക്കുന്നു. താക്കോല്‍ എന്നും അന്നയുടെ ദൗര്‍‌ബല്യമാണല്ലോ. അന്നയത് തിരിച്ചും മറിച്ചും നോക്കി.. ഇനി പത്രോസ് ചേട്ടന്റെ കൈയ്യില്‍ നിന്നും വീണുപോയതാണോ ആവോ ? ഹേയ്, സ്വര്‍ഗ്ഗത്തിന്റെ വാതിലിന്റെ പൂട്ട് ഈ അടുത്ത കാലത്ത് 'കമ്പ്യൂട്ടറൈസ്ഡ്' ആക്കിയെന്നും അതിന്റെ 'പാസ്‌വേര്‍ഡാ'ണു ഇപ്പോള്‍ ഉപയോഗിക്കുന്നതെന്നും അന്നയോര്‍ത്തു.. ആ പാസ്‌വേര്‍ഡ് പത്രോസ് ചേട്ടന്‍, ക്രിസ്തു ചോദിച്ചിട്ടുപോലും കൊടുത്തില്ലെന്നും 'ഹാക്കേഴ്സി'നെവെച്ച് അത് തകര്‍ത്താലോ എന്ന് ക്രിഷ്ണനും ക്രിസ്തുവും തമ്മില്‍ ഗൂഡാലോചന നടത്തിയെന്നുമൊക്കെ സ്വര്‍ഗ്ഗത്തില്‍ നാരദന്‍ പറഞ്ഞ് നടന്നിരുന്നു.

താക്കോല്‍ കോര്‍ത്തിരിക്കുന്ന വളയത്തില്‍ മറ്റൊരു പിച്ചളത്തകിടും അതില്‍ ഇങ്ങനെ എഴുതിവെച്ചിരിക്കുന്നതും അന്ന കണ്ടു. ബേപ്പൂര്‍ സുല്‍ത്താന്‍/ ഇപ്പോള്‍ സ്വര്‍ഗ്ഗത്തിലെയും സുല്‍ത്താന്‍ .. വീട്ട് നമ്പര്‍ പതിമൂന്ന്... അന്ന പതിമൂന്നാം നമ്പര്‍ വീടു തപ്പി നടന്നു... വലിയൊരു ഗേറ്റ്.. അവള്‍ നോക്കിയപ്പോള്‍ ആരുമില്ല. വാതില്‍ തുറന്നപ്പോള്‍ കിണിം! കിണിം! കിണിം! എന്ന് മൂന്ന് തവണ ബെല്ലുമുഴങ്ങി... അതിവിശാലമായ ഒരു പുല്പ്പരപ്പിലേക്കാണു അന്ന പ്രവേശിച്ചത്. അകലെ ഒരു ചെറിയ വീട്.. അതിന്റെ മുറ്റത്ത് നിറയെ ചെടികള്‍.. സ്വര്‍ഗ്ഗത്ത് പരിചയമില്ലാത്തവ.. അന്ന ഒരോ പൂവും വാസനിച്ച് നോക്കി.. ആഹാ! മൂക്ക് പൂവിനെ വിടുന്നില്ല.. ചില ഇലകള്‍ പറിച്ച് ചവച്ചു നോക്കി.. നല്ല പുളിപ്പ്..നാക്ക് നാണിച്ചുപോയി.. കൊള്ളാമല്ലോ..

അകലെ ഒരു മരത്തിനു ചുവട്ടില്‍ ഒരു ചാരുകസേരയില്‍ ഒരാള്‍ മയങ്ങുന്നു... അന്ന അരികിലെത്തിയപ്പോള്‍ ഒരു കടലാസില്‍ എന്തോ എഴുതി വെച്ചിരിക്കുന്നു....

'സ്വര്‍ഗ്ഗത്തിലെ മൂപ്പിലാന്‍ ദൈവം അറിയുന്നതിനു. നിനക്കെതിരെ ഒരു വിപ്ലവം പ്ലാന്‍ ചെയ്യുന്ന വിവരം നിന്നെ അറിയിക്കാനാണു ഈ കത്തെഴുതുന്നത്. സ്വര്‍ഗ്ഗത്തിലെ ഒരു ഹൂറിമാരും പല്ലുതേക്കാറില്ല. ഓളുമാരു അരികിലൂടെ വരുമ്പോള്‍ ഞാന്‍ ഓടി രക്ഷപ്പെടുകയാണു ചെയ്യുന്നത്.. ഇവിടെ ലഭിക്കുന്ന കള്ള് കുടിച്ചാലൊന്നും പൂസാവുന്നില്ലെന്ന് മഴവില്ല് അയ്യപ്പന്‍ ( ഓനു ലോകത്ത് വെച്ച് ഒരു പേരുകൊടുക്കാന്‍ പറ്റീല്ല.. അതോണ്ട് ഇവിടിരുന്ന് കൊടുത്തതാ..) പറഞ്ഞു നടക്കുന്നു. മസാല ദോശയിലെ മാവു വേകുന്നില്ല എന്നാണു വി.കെ.എന്റെ പരാതി. നിന്റെ മറ്റേ രാജ്യത്തെ മൂരാച്ചികള്‍ തിന്നുന്നതുപോലെ തിന്നാനൊന്നും ഞങ്ങളെ കിട്ടില്ല. സര്‍‌വ്വ ജനങ്ങള്‍ക്കും ഒരേ ഭക്ഷണം എന്ന ഏര്‍പ്പാടൊന്നും ഇനി നടക്കില്ല. ഞങ്ങള്‍ക്ക് നല്ല എരിവും പുളിയും ഉപ്പുമൊക്കെയുള്ള ഭക്ഷണം ഉടനെ എത്തിച്ചില്ലെങ്കില്‍ ഞാന്‍ എന്റെ കീഴിലുള്ള സകലമാന മനുഷ്യരെയും സംഘടിപ്പിച്ച് നിനക്കെതിരെ വിപ്ലവം നടത്തുകയും സ്വര്‍ഗ്ഗം കീഴടക്കി ഭരിക്കുകയും ചെയ്യുന്നതായിരിക്കും... സൂക്ഷിച്ചോ മോനേ...കൂട്ടത്തില്‍ ഉടുക്കാന്‍ കൈലിയും എത്തിച്ച് തരണം... ലാല്‍ സലാം '

അന്നക്ക് കത്ത് വായിച്ച് ഇഷ്ടമായി. കസേരയില്‍ കിടക്കുന്ന ആളോട് തന്നെ സ്റ്റെനോ ആക്കാമോ എന്ന് ചോദിക്കാന്‍ അന്ന തീരുമാനിച്ചു.. ചുമച്ചു.. ബഷീര്‍ കുലുങ്ങിയില്ല.. ഒന്നൂടെ ചുമച്ചു... ബഷീര്‍ തിരിഞ്ഞ് കിടന്നു.. അന്നയൊരു കല്ലെടുത്ത് ഒറ്റയേറുകൊടുത്തു...

"ഹേയ്," ബഷീര്‍ ചാടിയെണീറ്റു.. മുന്നില്‍ ഒരു ഗോതമ്പ് നിറമുള്ള സുന്ദരി..

ബഷീര്‍ അവളെ നോക്കി ചോദിച്ചു... "അനുവാദമില്ലാതെ എങ്ങനെ അകത്തു വന്നൂ..?"

"ഞാന്‍ ഈ താക്കോല്‍ തരാന്‍ വന്നതാ... അങ്ങയുടെ വീടിന്റെയും ഹൃദയത്തിന്റെയും താക്കോല്‍... "

ബഷീറിനു ആളെ മനസ്സിലായി.. ദാസ്തേവസ്കിയുടെ ഭാര്യ...

"കുത്തിയിരിക്ക്.."

അന്ന മരത്തിന്റെ വേരിലിരുന്നു..

"ഈ മരത്തിന്റെ പേരെന്താ?" അന്ന ചോദിച്ചു..

"മാങ്കോസ്റ്റിന്‍.. ഭൂമിയില്‍ നിന്നും വരുത്തിയതാ.."

"ഓഹോ...!" അന്ന മുകളിലേക്ക് നോക്കി, മാങ്കോസ്റ്റിന്‍ തലകുലുക്കി അവളെ വന്ദിച്ചു..

"സുലൈമാനി വേണോ ?"

അന്നക്ക് കാര്യം മനസ്സിലായില്ല..

ബഷീര്‍ ഒരു ഗ്ലാസില്‍ സുലൈമാനി പകര്‍ന്നപ്പോള്‍ അന്ന വിചാരിച്ചു.. പ്രഭാത സൂര്യനെ പൊടിച്ചെടുത്ത് കലക്കിയെടുത്തതോ ?

ചോന്നു തുടുത്ത ചുണ്ടുകളാല്‍ അന്ന സുലൈമാനി പതിയെ കുടിച്ചു..

മഞ്ഞിലും നിലാവിലും കുഴഞ്ഞ രാവില്‍ ഗോതമ്പ് നിറമുള്ള സുന്ദരിയുടെ ചോന്ന ചുണ്ടുകള്‍ സുലൈമാനിയുടെ മധുരമാസ്വദിച്ച് ചിരിച്ചു..

ബഷീര്‍ പറഞ്ഞൂ...

"ഹോ! നിലാവിനെന്തൊരു വെട്ടം.."

അന്ന വീണ്ടും വീണ്ടും ചിരിച്ച് നിലാവിനെ വീണ്ടും വീണ്ടും തോല്പിച്ചു..

"പാട്ടുകേള്‍ക്കണോ...?"

ബഷീര്‍ ചോദിച്ചു..

അന്ന തലകുലുക്കി...

ഗ്രാമഫോണ്‍ കറക്കി ചാര്‍ജ്ജ് ചെയ്യ്‌ത് ബഷീര്‍ അതില്‍ റെക്കോര്‍ഡ് വെച്ചു... രാവില്‍ പാട്ടൊഴുകി..

'സോജാ രാജകുമാരീ...........'

ബഷീര്‍ കണ്ണടച്ച് തലയാട്ടി രസിച്ചു.. അന്ന കണ്ണടക്കാതെ പാട്ടിന്റെ താളത്തില്‍ ലയിച്ചു..

അന്ന വിചാരിച്ചു... ഈ സ്വര്‍ഗ്ഗമൊന്നും ഒരു സ്വര്‍ഗ്ഗമല്ല...

ബഷീര്‍ അത് പറഞ്ഞു..

"ഈ മൂരാച്ചി സ്വര്‍ഗ്ഗത്തെക്കാള്‍ സുന്ദരമായിരുന്നു ഭൂമി..."

അന്നയും ബഷീറും ഒരുമിച്ച് വിഷാദിച്ച് ചിരിച്ചു.. പിന്നെ രണ്ടുപേരും വിഷാദം വിട്ട് ചിരിച്ചു..

അന്ന ചോദിച്ചു..

"എന്നെ താങ്കളുടെ സ്റ്റെനോ ആക്കാമോ ? താങ്കള്‍ എഴുതുന്ന കഥയൊക്കെ ഞാന്‍ പകര്‍ത്തി എഴുതാം.."

ബഷീര്‍ പറഞ്ഞൂ:

"എനിക്ക് എഴുതാന്‍ ആരുടെയും സഹായമൊന്നും ആവശ്യമില്ല.. നിനക്ക് ബിരിയാണിയും സുലൈമാനിയും ഉണ്ടാക്കാന്‍ അറിയാമെങ്കില്‍ ഇവിടെ നിന്നോ .. "

" ആ പരിപാടിയൊന്നും അറിയില്ല.." അന്ന തുടര്‍ന്നു...

"ദാസ്തേവസ്കി പറഞ്ഞതൊക്കെ ഞാനാണു എഴുതിയത്.. ഞാന്‍ അങ്ങേക്ക് വേണ്ടി എഴുതിയാല്‍ അങ്ങയും പ്രശസ്തനാവും.."

ബഷീര്‍ ആലോചിച്ചു...

"എന്നാല്‍ എഴുതിക്കോ..."

സര്‍ഗ്ഗത്തിന്റെ അവകാശികള്‍... അന്ന പേരെഴുതി ചുവട്ടില്‍ വരച്ചു. സന്ധ്യമയങ്ങിയപ്പോള്‍ സഖാവ് മൂര്‍ഖന്‍ പുറത്തിറങ്ങി. അന്ന വേഗം വേഗം എഴുതി.. അണ്ഡ കടാഹം... അന്നയുടെ പെന്‍സില്‍ മുന ഒടിഞ്ഞു.. വീണ്ടും കൂര്‍പ്പിച്ചു... എഴുതി വീണ്ടും പെന്‍സില്‍ മുന ഒടിഞ്ഞു...



"എന്തേ നിര്‍ത്തിയേ?" ബഷീര്‍ ചോദിച്ചു..

"ഈ വാക്ക് എഴുതാന്‍ പറ്റുന്നില്ല" അന്ന പറഞ്ഞു..

"ആ വാക്ക് എഴുതാതെ കഥയില്ല."

"ആ വാക്ക് ഒഴിവാക്കണം..."അന്ന ചിണുങ്ങി..

"അതൊന്നും പറ്റില്ല... മര്യാദക്ക് എഴുത്... അണ്ഡകടാഹം ഇല്ലാതെ എന്തോന്ന് ലൊട്ടുലൊടുക്ക് കഥ.."

അന്ന വീണ്ടും ശ്രമിച്ചു. പരാജയപ്പെട്ടു...

"അന്നയേ.......... അന്നക്കുട്ടിയേ...." മതിലിനപ്പുറത്തു നിന്നും ദാസ്തെവസ്കിയുടെ ഉച്ചത്തിലുള്ള വിളി..

"ആരാഡാ അവിടെ..?" ബഷീര്‍ വിളിച്ചു ചോദിച്ചു...

"ദാസ്തേവസ്കിയാ..."

"കേറിവാടോ.."

ദാസ്തേവസ്കി കയറി വന്നപ്പോള്‍ ബഷീര്‍ എണീറ്റ് നെഞ്ചില്‍ ചേര്‍ത്തു..

അന്ന പരിഭവിച്ച് പരിഭവിച്ച് ദാസ്തേവസ്കിയെ നോക്കി.. ദാസ്തേവസ്കി അപ്പോള്‍ കുരിശില്‍ നിന്നുമിറക്കിക്കിടത്തിയ ക്രിസ്തുവിന്റെ ഭാവത്തില്‍ അന്നയേയും...

ബഷീര്‍ ഇടപെട്ടു...

"ഇച്ചിരി സുലൈമാനി കൊട് നിന്റെ കെട്ടിയോനു..."

അന്ന ഇച്ചിരിയൊന്നും ആക്കാന്‍ പോയില്ല.. വെട്ടു ഗ്ലാസ് നിറയെ സുലൈമാനിയൊഴിച്ച് കൊടുത്തു..

അത് ഒറ്റശ്വാസത്തില്‍ കുടിച്ച് ദാസ്തേവസ്കി നെടുവീര്‍പ്പിട്ട് അന്നയെ പാളി നോക്കി.. അന്ന ഗൗരവം വിട്ടില്ല.

ബഷീര്‍ ദൈവത്തിനെഴുതി വെച്ചിരുന്ന കത്തെടുത്ത് ദാസ്തേവസ്കിയെ കാണിച്ചു..

വായിച്ച് വരവേ ദാസ്തേവസ്കിയുടെ മുഖം ചുവന്നു തുടുത്തു.. ഒപ്പം ചിരിയും..
അന്നയെ ചൂണ്ടി ദാസ്തേവസ്കി ചിരിച്ചു.. ബഷീറിനോട് പറഞ്ഞൂ...

"ഇവളും പല്ലു തേക്കാറില്ല.."

അന്ന പെട്ടന്ന് പരിഭവിച്ചും ദേഷ്യപ്പെട്ടും ഇറങ്ങി നടന്നപ്പോള്‍ ബഷീര്‍ വിളിച്ചു പറഞ്ഞൂ..
"അന്നേ നില്‍ക്കൂ.."

അന്ന നിന്നു..
"ദാ, ആ റോസാപ്പൂവ് പറിച്ചെടുത്തോളൂ... അത് നിനക്കാണു..."

അന്ന ആ പനിനീര്‍പ്പൂവ് ഇറുത്തെടുത്തു...മഞ്ഞുതുള്ളികള്‍ ഇതളുകളില്‍ ഉറങ്ങിക്കിടന്നിരുന്നു..

ബഷീര്‍ അപ്പോള്‍ വിചാരിച്ചു.. 'ഞാന്‍ ചോദിക്കില്ല ഈ പൂവ് നീ എന്തു ചെയ്യ്‌തൂ എന്ന്..'

ദാസ്തേവസ്കി അപ്പോള്‍ ദൈവത്തിനെഴുതിയ കത്തിന്റെ ചുവട്ടില്‍ ഒപ്പ് വെക്കുകയായിരുന്നു...