Friday, July 11, 2008

മഹാഭാരതം .......

അവസാനം ഭീംജിയുടെ ഗദയുടെ ഉഗ്രന്‍ കള്ളയടിയില്‍ ഇരിക്കണ പാര്‍ട്ട്‌സ് തകര്‍ന്നു കമിഴ്ന്നു കിടന്ന് ഭരണിപ്പാട്ടു പാടിയിരുന്ന ദുര്യോദനന്‍ അവസാനത്തെ യുദ്ധ്ത്തിനു തന്റെ തമിഴ് കരിമ്പുലികളെ ഇറക്കി..
അശ്വത്ഥാമാവായിരുന്നു അതില്‍ പ്രധാനി. ഈ മാവു വെച്ചു പെറോട്ടയുണ്ടാക്കിക്കഴിച്ചാല്‍ വിശപ്പ് ചിരംജ്ജീവിയാകും.
അന്നു രാത്രി ഇവിടുത്തെ കള്‍സിനെക്കാള്‍ നല്ല സ്വയമ്പന്‍ സാധനം തരാക്കിത്തരാം എന്ന ഉറപ്പില്‍ കൃഷ്ണന്‍ പാണ്ഡവരുമായ് പടകുടീരത്തില്‍ നിന്നും മുങ്ങി . ചാവേര്‍ ആക്രമണം നടക്കും എന്നു അങ്ങേര്‍ക്കു ചാരന്മാര്‍ വിവരം കൊടുത്തിരുന്നു.ഇയാള്‍ പലപ്പോഴും ഇതുപോലത്തെ പരിപാടികാണിച്ചിട്ട് 'കര്‍മ്മണ്യേ വാധികാരസ്തേ, മാ ഫലേഷു കഥാ ചനാ ' ( അമറാന്തിച്ചു ജോലി ചെയ്യടേ, കൂലിചോദിച്ചാല്‍ നിന്നെ പൂശും എന്നു പറയുന്ന ബൂര്ഷാ സ്റ്റൈയില്‍)എന്ന് ഉപദേശിക്കും (പാവം ഘടോല്‍ക്കചനാദിവാസിയും ഇങ്ങേരുടെ കെണിയില്‍ പെട്ടു പോയി)
പാണ്ഡവന്‍സിനു വേണ്ടി യുദ്ധം ചെയ്യ്‌തു ക്ഷീണിച്ച മറ്റുള്ളവര്‍ കള്‍സും അടിച്ചു പിന്‍പിരിആയിക്കിടന്നു. അന്നു രാത്രി പാണ്ഡവരുടെ കുടീരത്തില്‍ കയറി എല്ലാത്തിനെയും മൂവര്‍ സംഘം കാലപുരിക്കു ബസ് കയറ്റി. പുലര്‍ച്ചേ ദുര്യോദനനോടുവന്നു സുവിശേഷവും അറിയിച്ചു....നല്ല വാര്‍ത്ത കേട്ട സന്തോഷത്തോടെ ലവന്‍ ക്ലോസ്... അപ്പ്........ക്ലിയര്‍ ചിരിക്ക് !

Wednesday, July 9, 2008

ബൈസിക്കിള്‍ തീഫ്സ്../ റാഷമോണ്‍, സിനിമയില്‍ വിരിഞ്ഞ പനി നീര്‍പ്പുക്കള്‍

-
സ്വന്തമായ് ഒരു സൈക്കിള്‍ ഉണ്‍ട് എന്ന് സമ്മതിച്ചതിന്റെ പേരില്‍ ഒരു ജോലി കിട്ടിയ അന്റോണിയോ റിക്കി, പണയം വെച്ചിരുന്ന തന്റെ സൈക്കിള്‍ പുതപ്പുവിറ്റകാശുകൊണ്ട് തിരിച്ചെടുത്തു. ഒരു ദിവസം ജോലിക്കിടയില്‍ ആ സൈക്കിള്‍ മോഷ്ടിക്കപ്പെടുന്നു. തന്റെ പ്രിയ പുത്രന്‍ ബ്രൂണോയുമായ് സൈക്കിള്‍ തിരഞ്ഞു നടന്ന് അവസാനം കള്ളനെന്നു സംശയിക്കുന്നവനെ കണ്ടു പിടിച്ചിട്ടും അതു വീണ്ടെടുക്കാനാവാതെ ആള്‍ ഒരു സൈക്കീള്‍ മോഷ്ടിക്കുന്നു എന്നാല്‍ റിക്കി പിടിക്കപ്പെടുകയും ക്രൂരമായ് മര്‍ദ്ദിക്കപ്പെടുകയും ചെയ്യുമ്പോള്‍ അഛന്റെ കാലില്‍ കെട്ടിപ്പിടിച്ചു കരയുന്ന ബ്രൂണൊയില്‍ അലിവു തോന്നി അവര്‍ വിട്ടയക്കുന്നു...ആള്‍ക്കാരുടെ ചീത്തവിളികല്‍ക്കിടയില്‍ നിന്നും അഛനും മകനും തെരുവിലൂടെ അകലേക്കു നടന്നു...ബ്രൂണോ തന്റെ തൊപ്പിയൂരി അഛനു കൊടുക്കുന്നു. റിക്കി അതു ധരിക്കുന്നു, അയാള്‍ക്കു കരച്ചില്‍ വരുന്നു. ബ്രൂണൊയുടെ കൈകള്‍ റിക്കിയുടെ കൈകളില്‍ അമരുന്നു, അവ അയാള്‍ പിടിച്ചു ഞെരിക്കുകയോ തഴുകുകയോ ചെയ്യുന്നു.ലോക ക്ലാസിക്കുകളില്‍ ഈ ഫിലിം, എന്തുകൊണ്ടും വേറിട്ടു നില്‍ക്കുന്നു.ആര്‍ദ്രമായ ഒരു കഥ, മികച്ച കൈയടക്കത്തോടേ ലോകത്തിനു നല്‍കിയത് ( വിറ്റോറിയാ ഡി സീക്ക)
-------------------------------------------------------------------------------------------

റാഷോമോണ്‍...അകിരാ കുറോസോവ, റിയുനോസുകി അകുതഗാവയുടെ,എല്ലാ പ്രതീക്ഷകളും അസ്തമിച്ച ഒരു ലോകത്തെ കാണിച്ചു തരുന്ന രണ്ടു ചെറുകഥകള്‍ കൂട്ടിയിണക്കി നിര്‍മ്മിച്ച ചലചിത്ര ഇതിഹാസം. റിയുനോസുകി മുപ്പത്തഞ്ചാമത്തെ വയസ്സില്‍ ആതമഹത്യ ചെയ്തു. ജീര്‍ണ്ണിച്ചു തുടങ്ങിയ 'റാഷോമോണ്‍; എന്ന നഗര കവാടത്തില്‍ എത്തിച്ചെരുന്ന നാലു പേര്‍ ഒരു കൊലയേയും ഒരു ബലാല്‍ സംഘത്തെയും വിവരിക്കുന്വൊള്‍ നാലു മുഖങ്ങള്‍ ഉണ്ടാവുന്നു...തജോമാരു എന്ന കൊള്ളക്കാരന്‍ ഒരു മരത്തണലില്‍ വിശ്രമിക്കുന്വോള്‍ അതു വഴി വന്ന സാമുറായിയുടെ ഭാര്യയുടെ മുഖാവരണം ഒരു നിമിഷം കാറ്റുവന്നു തെന്നി മാറ്റുന്വൊള്‍ അവളുടെ സൗന്ദര്യത്തില്‍ ആകൃഷ്ടനാകുന്ന കൊള്ളക്കാരന്‍,സമുറായിയെ കാടിനുള്ളിലേക്കു പ്രലൊഭിപ്പിച്ചു കൊണ്ടുപോയ് അയാളെ അവിടെ കെട്ടിയിട്ട് ഭാര്യയെ ആക്രമിക്കുന്നു..അവസ്സാനം സമുറായിയെ ഒരു പോരില്‍ ഏര്‍പ്പെട്ടു അയാളെ കൊല്ലുകയും ചെയ്യുന്നു.. ഇതു നാലു പേരുടെ വീക്ഷണത്തില്‍ അവതരിപ്പിക്കപ്പെട്ടപ്പൊള്‍.. അതു മനസ്സില്‍ നൊന്വരവും കനത്ത നിറചാര്‍ത്തും തീര്‍ക്കുന്നു. സിനിമാ ലോകത്തിലെ പൊന്മുത്തായ് ആ സിനിമയും... കുറോസോവയും..

വിശ്രമത്തിന്റെ പ്രാധ്യാന്യം

ആന്‍റപ്പന്‍ ചേട്ടന്‍ തന്റെ കള്‍സ് ടീമുമായ് റബ്ബര്‍ എസ്റ്റേറ്റില്‍ എത്തി. രാത്രിമുഴുക്കെ മുടിഞ്ഞ കള്‍സ് കുടി, ദിവാകരന്‍, സ രി ഗ മ ....'പത' എന്നു വിളിക്കുന്ന ഭൂലോക പത. കാഷായമില്ലാത്ത സന്ന്യാസം പോലെ കൂടെ കൂടിയിരുന്നു. കള്‍സ് ഒഴിച്ചു കൊടുക്കാനും ആന്‍റപ്പന്‍ ചേട്ടന്‍റെ അപദാനങ്ങള്‍ പാടാനും ഒപ്പം ഇഷ്ടം പോലെ കള്‍സ് ചെലുത്താനും ഇഷ്ടന്‍ മറന്നില്ലാ.ചുട്ട കാട്ടുപോത്തിന്റെ ഇറച്ചി കറുമുറാ കടിച്ചു ചവച്ചും, നല്ല എരിവുള്ള കുടം പുളി ഇട്ടുവെച്ച മീന്‍ ചാര്‍ ഞമ്മ് ഞമ്മ് ന്ന് തൊട്ടുനക്കിയും, പുഴുങ്ങിയ മുട്ടകള്‍ ഉപ്പിലും കുരുമുളകുപൊടിയിലും മുക്കി ഗിളു ഗിളാ വിഴുങ്ങിയും; മടുമടാ കള്‍സ് കുപ്പികള്‍ കാലിയാക്കി സംഘം മുന്നേറി. ഇടക്ക് നല്ലൊന്നാന്തരം മുട്ടന്‍ തെറിവിളികള്‍ അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിച്ചു. അട്ടഹാസങ്ങള്‍ മാലപ്പടക്കങ്ങളായ്. പുലരാറായപ്പൊള്‍ കിട്ടിയ സ്ഥലത്തൊക്കെ സംഘം വീണുറങ്ങി. അപ്പോഴാണു ആന്റപ്പന്‍ ചേട്ടനു അല്പം വാറ്റ് പൂശാന്‍ മോഹം തോന്നിയേ.ദിവാകരന്റെ പിന്നില്‍ ഒരു തൊഴികൊടുത്ത് ആന്‍റപ്പന്‍ മുതലാളി അലറി
" ഡാ ദിവാകരാ വാടാ എനിക്കിത്തിരി വാറ്റടിക്കണം"
തിരിഞ്ഞു കിടന്നു ദിവാകരന്‍ പുലമ്പി:
" ഇനി അല്പം വിശ്രമമാണു വേണ്ടതു മൊതലാളീ"

റിയാലിറ്റീ സ്വാഹാഃ

സാ...രീ... ഗ....മ.....പ...ത...നീ...
.സാരീ..........ഗമ......പത......നീ...
"എന്തുവാടെ പോത്തലറുന്നപോലെ രാവിലെ മുതല്‍?"
"മാമാ ഞാന്‍ സംഗീതം പ്രാക്ടീസ് ചെയ്യുവാ.. ?"
"എടേ മനുഷ്യനെ കിടത്തിയുറക്കത്തില്ലേടാ കുഞ്ഞായീ നീ..?"
"മാമന് വിവരമില്ലാത്തതിനു ഞാന്‍ എന്തോ ചെയ്യാനാ?. മാമാ, റിയാലിറ്റി ഷോയില്‍ വിജയിച്ചാല്‍ എന്തുവാ സമ്മാനം എന്നു അറിയ്യോ...? കാറ് വീട് ബൈക്ക് ...പേര് ഫേമസ്...ഹോ ..സാരീ ഗമ...പത..."
"എടാ ചെക്കാ അതിനൊക്കെ നന്നായ് സംഗീതം പടിക്കേണ്ടയോ..നിനക്കതിനു സംഗീതത്തിന്റെ ബേസിക്ക് പോലും അറിയില്ലല്ലോ....?"
"എന്റെ പൊന്നു പൊട്ടന്‍ മാമാ, ഒരു ആറ് മാസം കൊണ്ട് ഞാന്‍ കുറച്ച് പഠിക്കും പിന്നെ എല്ലാം ജാഡയല്ലിയോ... മാമന്‍ കുറച്ചു പൈസ ഇറക്കാവോ? എല്ലാം ഞാന്‍ ശരിയാക്കാം"
"എടാ എനിക്ക് എന്തുവാ അതിന്റെ ഗുണം?"
"അതോ, മാമന്‍ ഓള് ഓള് ന്ന് നടക്കുമ്പോള്‍ ആള്‍ക്കാരുപറയില്ലേ..ദേ പോണൂ സ്റ്റാര്‍ സിംഗര്‍ കുഞ്ഞായീടെ മാമന്‍ ന്ന്..."

മണഗൊണഞ്ചന്‍ രക്ഷിതാക്കള്‍

" എത്ര ഓമനിച്ചാ ഞാന്‍ എന്റെ കുട്ടികളെ വളര്‍ത്തിയത്, അവര്‍ക്ക് ഒരു കഷ്ടപ്പാടും വരരുതെന്നു കരുതി ഞാന്‍ അവരെ ഇതു വരെ എന്റെ ഒരു ദുരിതവും അറിയിച്ചിട്ടില്ലാ. എന്നിട്ടാ അവര്‍ എന്നോടിങ്ങനെ ....?" എനിക്ക് കേട്ടപ്പോള്‍ ഒട്ടും ദയ തോന്നിയില്ലാ പകരം എന്റെ ചുണ്ടില്‍ നിര്‍ദ്ദയമായ ചിരി സൂക്ഷിക്കാനും ഞാന്‍ ശ്രദ്ധിച്ചു. അയാള്‍ക്കു തോന്നിയപോലെ കുട്ടികളെ വളര്‍ത്തിയിട്ട് എന്റെ അടുത്തു വന്ന് എന്റെ സ്വകാര്യതയിലെ കട്ടുറുന്‍പാകുന്ന അയാളോട് എനിക്ക് ദേഷ്യവും തോന്നി.
കേരളത്തിലെ ഒരുപാട് കാര്‍ന്നോന്മാര്‍ പൊട്ടന്മാരാണു. അവരുടെ ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും ഉപേക്ഷിച്ചിട്ട്, രണ്ടുകുട്ടികള്‍ക്കുവേണ്ടി പത്തുകുട്ടികള്‍ക്കാവശ്യമായതെല്ലാം ഒരുക്കിക്കൊടുത്ത് അവരെ സ്വാര്‍ത്ഥന്മാരായും കഴിവുകെട്ടവരായും വളര്‍ത്തി അവസാനം ആ പാവം കുട്ടികളെ ചീത്തവിളിച്ചു നടക്കുന്ന സാമൂഹ്യദ്രോഹികള്‍....!
"മാമാ നീയാ സാമൂഹ്യദ്രോഹി, എന്റ അഛനോടെങ്ങാനും മാമന്‍ ഇങ്ങനെ പറഞ്ഞുകൊടുത്താ മാമന്റെ കള്ളിന്‍ കുപ്പിയില്‍ ഞാന്‍ ഉപ്പുകലക്കും..!!

ഷാപ്പുകള്‍ ഷാപ്പുകള്‍ വിശ്വമഹത്വത്തിന്‍ നാരായ വേരുകള്‍

ഷാപ്പിന്റെ വാതില്‍ക്കല്‍ എത്തുമ്പോള്‍ തന്നെ കള്‍സിന്റെയും എരിവുള്ള കറിയുടേയും സുഗന്ധം മനസ്സു നിറക്കും. വയറും പൊട്ടും വരെ കുടിച്ചു മരിക്കും എന്ന പ്രതിജ്ഞയോടേ ഷാപ്പിലേക്ക് ചുവടുവെക്കമ്പോള്‍ കാല്‍ക്കീഴില്‍ 'കിരു കിരാ' ഞെരിഞ്ഞമരുന്ന മണല്‍ത്തരികള്‍ .
ചവിട്ടിക്കുതിച്ച് നല്ലൊരു ബെഞ്ചിലിരിക്കുന്വോള്‍; ഒരു ചോദ്യം
' തെങ്ങോ പനയോ, നല്ല മൂത്ത തെങ്ങുണ്ട് എടുക്കട്ടേ".
കാമുകിയെ പ്രണയപൂര്‍‌വ്വം കടാക്ഷിക്കുന്നതിനെക്കാള്‍ മധുരമായ് ഷാപ്പുകാരനെ നോക്കി
"ന്നാല്‍ മൂത്തതാവട്ടേ..". ന്നു മൊഴിഞ്ഞ്, സഹ കുടിയന്‍മാരേ നോക്കുമ്പോള്‍, പല പരുവത്തില്‍ അവര്‍, ചിലര്‍ പതിയെ തുടങ്ങിയവര്‍, ചിലര്‍ ആലസ്യം വിട്ടുണര്‍ന്നവര്‍,ചിലര്‍ ചിന്തയില്‍ ലയിച്ച സോക്രട്ടീസ്. 'ഇവിടാമാണീശ്വര സന്നിധാനം എന്ന പാട്ട് പാടടേ' എന്നൊരു കുടിയന്‍.
അരികിലെത്തിയ കള്‍സ്, കാമുകിയെ ചുംബിക്കുന്നതിനെക്കാള്‍ തീവ്രമായ് മടുമടാ കുടിച്ച് രസിക്കുമ്പോള്‍ ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജ്ന്മം എന്ന പാട്ട്.
കാവ്യം സുഖേയം
കഥ കുടിയന്‍സിന്റെ
കര്‍ത്താവു ഷാപ്പിലെ സ്ഥിരം
പറ്റുകാരന്‍ചൊല്ലുന്നതോ
കൊയകൊയ സ്വരത്തില്‍;
ആനന്ദവല്ലിക്കിനിയെന്തു വേണം??

ഷാപ്പുകള്‍ കുടിയന്മാരുടെ ദേവാലയം

നടക്കലെത്തുമ്പോഴേ മനസ് ധ്യാനത്തില്‍ അലിയും... പൂജാരിയെപ്പോലെ കുടിയന്മാര്‍ ആരാധിക്കുന്ന ഷാപ്പുകാരന്‍ തോമാചേട്ടന്‍ പുണ്യാഹം നിറച്ച കുപ്പികള്‍ മേശമേല്‍ നിരത്തും...
ചന്ദന അലിവോടെ സ്വയമ്പന്‍ കറികല്‍ പ്ലേറ്റില്‍ നിറയും...
പുണ്യാഹം ഗ്ലാസ്സില്‍ നിറച്ച് ഭക്തിയോടെ കുടിക്കുക എന്ന കര്‍മ്മം അനുഷ്ടിച്ചു കഴിഞ്ഞാല്‍ പ്ലേറ്റില്‍ നിന്നും ചാര്‍ തൊട്ടു നാവില്‍ വെച്ച് അലിയിക്കാം. മൂന്നാമത്തെ കുപ്പിയോടേ കുടിയന്‍ ഭക്തിയില്‍ അലിയും..
സര്‍‌വ്വം മായ, മഹാ മായ.!
കുടിയന്മാരുടെ ചിരിയൊച്ചകള്‍ മണി നാദമാകുന്നു...അവരുടെ നിലവിളി ശംഖുനാദം പോലെ കാതുകളില്‍ അമൃതം പൊഴിക്കുന്നു... കുഴഞ്ഞശബ്ദത്തിലുള്ള പാട്ടുകളും ചിത്ത വിളികളും മന്ത്രോച്ചാരണങ്ങളാവുന്നു. അനവദ്യ സുന്ദരമായ ആനന്ദത്തില്‍ ആറാടി കുടിയന്മാര്‍ സ്വര്‍ഗ്ഗിയത നുണയും....
തിരിച്ചിറങ്ങുമ്പോള്‍ ചിലര്‍ പടിതൊട്ട് തലയില്‍ വെക്കുന്ന കാണാം ചിലര്‍ ദണ്ഡനമസ്ക്കരം ചേയ്യുന്ന കാഴച നയനാനന്ദകരമാണ്‍...
ഓം കള്‍സായ നമഃ ഹ....
@@@@@@@@@@@@@@@@@@@@@@@@@@( സ്പോണ്‍സേര്‍ഡ് ബൈ കുടിയന്‍സ്)

കവികള്‍.......

" ഈ വല്ലിയില്‍ നിന്നു ചെമ്മേ പൂക്കള്‍ പോകുന്നിതാ പറന്നമ്മേ...." മാമൂസേ എന്തൊരു അടിപൊളി ഭാവനയാ അല്ലേ.. എങ്ങിനാ മാമാ ഈ കവികള്‍ ഇങ്ങനെയൊക്കെ ചിന്തിക്കുന്നേ.. ?എനിക്കിതൊക്കെ കണ്‍ടിട്ട് എന്തൊരു അതിശയമാണെന്നോ...? ഞാന്‍ രാവിലെ മുതല്‍ പേനയും കടലാസുമായിരുന്ന് ആന്‍‌മേരിക്ക് കൊടുക്കാനൊരു കവിതയെഴുതാന്‍‍ നോക്കീട്ട് ഒറ്റവാക്കുപോലും വന്നില്ല മാമാ.."എടാ കുട്ടാ, കവികള്‍ക്ക് ഒരു സിക്‌ത് സെന്‍സ് ഉണ്ട്. അവര്‍ നമ്മള്‍ കാണുന്നതു പോലെയല്ലാ ലോകത്തെ കാണുന്നത്. അവര്‍ക്ക് ദൈവീകമായൊരു കാഴ്ചയുണ്ട്. ദൈവത്തിന്റെ വരദാനം. ഈ ലോകത്തില്‍ ഇതൊക്കെ സൃഷ്ടിക്കപ്പെട്ടപ്പോള്‍ പ്രപഞ്ച ശക്തിക്കൊരു തോന്നല്‍ ഇതൊക്കെ മനുഷ്യനു മനസ്സിലാക്കിക്കൊടുക്കണം എന്ന്..അതിനുവേണ്ടി ദൈവം മനുഷ്യരില്‍ ചിലര്‍ക്ക് ദൈവീക മനസ്സുകൊടുത്തു..." പ്രപഞ്ച സൃഷ്ടിയുടെ അടിക്കുറിപ്പാണു കവികള്‍....!"മനസ്സിലാകുന്ന ഭാഷയില്‍ പറയൂ മാമാ...നിനക്ക് ആന്‍‌മേരിയോടുള്ള പ്രണയത്തിന്റെ അടിക്കുറിപ്പാണു കവിത എന്നു പറഞ്ഞാലോ... പൊട്ടത്തരമാണെങ്കിലും കേള്‍ക്കാന്‍ ഒരു രസമുണ്ട്...!!!

ചില ഉല്‍സവ ചിന്തകള്‍...........

ചെറുപ്പത്തിലെ ഉല്‍സവം. ഇന്നും മനസ്സില്‍ നിറച്ചാര്‍ത്താണു. ഗ്രാമത്തിലേക്ക് എത്തുന്ന വെച്ചുവാണിക്കാര്‍, ദിവസങ്ങല്‍ക്കുമുന്നേ അവരുടെ കടകളുടെ പണി തുടങ്ങിയിരിക്കും.വലിയ നോട്ടീസ് പച്ച,മഞ്ഞ, റോസ് നിറത്തില്‍.എല്ലാ ദിവസത്തെയും വിശദമായ കാര്യപരിപാടികളോടേ. കഥകളി, ഓട്ടന്‍ തുള്ളല്‍, ബാലെ, ഗാനമേള അങ്ങനെ ഒട്ടനവധി കലാരൂപങ്ങള്‍, ബാലെയില്‍ പുണ്യപുരാണ കഥകള്‍, രാജാവും മന്ത്രിയും രാജകുമാരിയും ഉള്ള അല്‍ഭുതലോകം. സാംബശിവന്റെ അനീസ്യ എന്ന കഥാപ്രസംഗം. നാലുദിവസത്തെ കഥകളി. നളനും ദമയന്തിയും സ്റ്റേജില്‍ ആടിത്തകര്‍ക്കമ്പോള്‍, ഉല്‍സവപ്പമ്പിലൂടെ അലഞ്ഞു നടപ്പ്. ആനപ്പിണ്ടത്തിന്റെ മണം. സുഗന്ധമുറുക്കാന്റെ രുചി. ചോന്ന ചുണ്ടും നാവും. കരിപ്പെട്ടിക്കാപ്പിയുടെ ഉണര്‍‌വ്വ്. വെച്ചുവാണിക്കാരുടെ കടക്കു മുന്നില്‍ സുന്ദരിക്കുട്ടികള്‍ കൈ നീട്ടി നില്‍ക്കുന്നു. അവരുടെ കൈകളില്‍ മഴവില്ലു വിരിയിക്കാന്‍ എന്നപോലെ. വള്ളിയില്‍ കോര്‍ത്ത ഉഴുന്നാടകള്‍ കൈയില്‍ തൂക്കി അതില്‍ നിന്നും പൊട്ടിച്ചു തിന്ന്..... അങ്ങനെ നടക്കണ ചെക്കന്മാരു...
ഉല്‍സവ ലഹരിയില്‍ മുങ്ങി, കൂട്ടുകാരോടൊപ്പം. നാട്ടിലെ അലമ്പന്മാരു പോരാതെ കോളേജില്‍ നിന്നും അലമ്പുസെറ്റിനെ ഇറക്കുമതി ചെയ്തിരുന്നു. കൈ നോട്ടക്കാരിയുടെ അടുത്തിരുന്ന് ആരെങ്കിലും പ്രണയിക്കുന്നുവോ എന്നു ചൊദിക്കുകയും നിന്നെയൊക്കെ ഏതവളു പ്രണയിക്കാനാടാ കുരങ്ങാ എന്നവള്‍ മനസ്സില്‍ പറഞ്ഞു:
' നല്ലൊരു ചെല്ലക്കുട്ടി ഉന്നെ കാതലിക്കറുത്' എന്നു കേട്ട് ,
ഹോ അതു സൂസിയാവും എന്നു മനസ്സില്‍ വിചാരിച്ച് കൂട്ടുകാരെ നോക്കുമ്പോള്‍ ഈ അലവലാതിയെ പ്രണയിക്കാനും ഒരു പെണ്ണൊ എന്ന് "ആക്കി"ച്ചിരിക്കുന്നവന്മാരെ അതിലും പിഴച്ചൊരു ചിരിയിലൊതുക്കി.. ഉല്‍സവത്തില്‍ നിറയുക, നിറചിരിയോടെ സൂസി മനസ്സിലും. ഷൈനോട് 'ഉനക്കു കാതലേ ഇരിക്കാതെ അയ്യാ' എന്നു ചൊല്ലിയ കാക്കാലത്തി പെണ്ണമ്മയോട്.. എന്നാ നീ എന്നെ കാതിലിക്കടീ.. എന്നു പറഞ്ഞതിനു അവള്‍ തമിഴില്‍ വിളിച്ച ചീത്ത കാതു തകര്‍ക്കുന്നതായിരുന്നു. ഇന്നും അവന്റെ കാതിന്റെ ഡയഫ്രം ശരിയായിട്ടില്ലാ ...

വിശ്വാസം........

അവന്‍ നാലപതു വെള്ളിക്കാശുകൊടുത്ത് ഒരു ശിഷ്യനെ സിനിമകാണാന്‍ വിട്ടിട്ട്, അവന്റെ പിന്നാലെ നടന്നു.. സ്വര്‍ഗ്ഗത്തിന്റെ താക്കോല്‍ പത്രോസിനു കൊടുത്തപ്പോള്‍ അവനു ഒട്ടും അസൂയ തോന്നിയില്ലാ,
അവസാനം അവനെ കുരിശില്‍ തറച്ചപ്പോള്‍ അവന്‍ എല്ലാരെയും പോലെ അവനെ ഉപേഷിച്ചു പോയില്ലാ, കാത്തിരുന്നു..കൊടുങ്കാറ്റുകള്‍ക്ക് അവനെ പിന്തിരിപ്പിക്കാന്‍ പറ്റിയില്ലാ.. മൂന്നാം നാള്‍ അവന്‍ ഉയര്ത്തെണീറ്റപ്പോള്‍, അവന്‍ തൊഴുകൈകളോടെ നില്‍ക്കുന്നു...
"പ്രിയനേ നിനക്ക് എന്തു വരമാ ഞാന്‍ തരിക..". മഞ്ഞുപോലെ ആര്‍ദ്രമായ് അവനെ ആ വാക്കുകള്‍ പൊതിഞ്ഞു............."എനിക്ക് കാനായിലെ മന്ത്രം ഒന്നു പറഞ്ഞു തരുമോ..."?

എന്റെ ബൈബിള്‍..............

ആദിയില്‍ വചനമുണ്ടായ്.............. ബിഗ്ബാങ്ങ്, ദൈവം അമീബയെ സൃഷ്ടിച്ചു.. എന്നിട്ടു പറഞ്ഞു മോനേ അമീബേ, നമ്മുടെ ജാലി തീര്‍ന്നു.. ഇനി വേണേല്‍ നീ പരിണമിച്ചു ഏതു കോലം വേണമെങ്കിലും കെട്ടിക്കോ... അമീബ അതു കേട്ടു ദുഖിച്ചു, ആ ദുഖം അവനെ പിളര്‍ത്തി, വീണ്ടും ദുഖിച്ചു..... അങ്ങനെ ആദ്യത്തെ ജ്യോമട്രിക്ക് പ്രോഗ്രഷന്‍ ആരംഭിക്കുന്നു.....അനന്തരം ദൈവം പറഞ്ഞൂ... മകാനേ, നിനക്ക് കാലാകാലങ്ങളില്‍ വിവരം വെപ്പിക്കാന്‍ ഞാന്‍ ഓരോ പ്രവാചകന്മാരെ കീച്ചുന്നുണ്ട്...സോക്രട്ടീസ്സ് പുണ്യാളച്ചന്‍, ഗലീലിയോ, തുണിയില്ലാതോടുന്ന മഹാവീരന്‍- ആര്‍ക്കമിഡീസ്, തലയില്‍ വല്ലതും വീണാല്‍ മാത്രം ബോധം വരുന്ന ന്യൂട്ടണ്‍... ഒരുത്തനെ ചുട്ടുകരിക്കാന്‍ തരുന്നുണ്ട്.. ഓന്‍ വിവരക്കേടിന്റെ ആശാനാ, പരന്നിരിക്കുന്ന ഭൂമി ഉരുണ്ടതാന്നു ഓന്‍ പറയും പിടിച്ചു ചുട്ടുതിന്നോണം പഹയനെ...അവസാനം മനുഷ്യനെക്കൊണ്ട് പൊറുതി മുട്ടുമ്പോള്‍ ഒരു വിദ്വാനെ ഞാന്‍ അയക്കും... അവന്‍ അറ്റം എന്ന ബോണ്ടാ പിളര്‍ന്ന് അതില്‍ നിന്നും തീയുണ്ടാക്കി നിന്നെയൊക്കെ ചുട്ടുകരിക്കാന്‍ ആയുധം ഉണ്ടാക്കും ..!അന്തരം ദൈവം ചായ കുടിക്കാന്‍ പോയ്...

തലയും വാച്ചും........ കീച്ചും...!

എല്ലാത്തിനും കാരണം ആ പാഞ്ചാലിയാണു. ലവള്‍ ചുമ്മാ വൈകിട്ട് മരങ്ങള്‍ക്കിടയില്‍ ഈവനിങ്ങ് വാക്ക് നടത്തവേ അതു കണ്ടു മോഹിച്ച ജയദ്രഥന്‍ ,എന്തോ ഒരു ചിന്ന കമന്റ് ചൊല്ലിയാച്ച്, കണ്മണിയാള്‍ക്ക് അതു കൊഞ്ചം കൂടെ പുടിച്ചില്ലാ.... പാവം ജയദ്രഥനെ കെട്ടിയോനെ വിട്ട് പിടിപ്പിച്ച് തല മൊട്ടയടിച്ച് വിട്ടു.

ഇവന്മാരെന്താ ഇംഗ്ലീഷ് സ്കൂള്‍ നടത്തിയിരുന്നോ...........?
തിരിച്ചു ചെന്നാല്‍ ദുര്യോദനന്‍ അളിയന്‍ ഭക്ഷണം തരില്ലാന്നു കരുതി മുടി കിളിര്‍ക്കുന്നതു വരെ തപസ്സു നടത്തി വരം നേടാമെന്നു ജയദ്രഥന്‍ മൊട്ട വിചാരിച്ചു.
വരം കിട്ടി, യുദ്ധത്തില്‍ ഒരുത്തനെ പൂശാന്‍..!ചക്രവ്യൂഹത്തില്‍ പെടുത്തി അഭിമന്യൂവിനെ കൊന്ന്, ജയദ്രഥനും കൂട്ടരും പട്ടയടിക്കാന്‍ പോയ്..
"ഡാഡി'എന്നു വിളിക്കാന്‍ ഇനി മകന്‍ ഇല്ലല്ലോ എന്നോര്‍ത്ത് വിഷാദിച്ച അര്‍ജ്ജുനന്‍ മൂന്നു കുപ്പി കള്‍സ് നീറ്റായ് അകത്താക്കി, കലി മൂത്ത് സത്യപ്രതിഞാ ചടങ്ങ് സംഘടിപ്പിച്ചു.മകനെ തട്ടിയവനെ സൂര്യന്‍ അസ്തമിക്കുന്നതിനു മുന്നേ പൂശിക്കളയും, അല്ലങ്കില്‍ അങ്ങേര്‍ 'സൂയിസയിഡ്'ചെയ്യുമെന്നൊരു വിഡ്ഡിത്തം...ചങ്കിനിട്ടിടിയും നിലവിളിയുമായ് പ്രഖ്യാപിച്ചു.( കൗരവന്മാര്‍ പൂശിക്കളയുന്നതിനു മുന്നേ, ആത്മഹത്യചെയ്യ്‌തു മാനം രക്ഷിക്കാം എന്നൊരു കള്ളക്കണ്ണൂം അര്‍ജുനനു ഉണ്ടെന്ന് കൃഷ്ണനു മനസ്സിലായ്)

പിറ്റേന്ന് ജയദ്രഥനെ പൂഴ്ത്തിവെച്ച് യുദ്ധം ചെയ്യ്‌ത കൗരവര്‍ ...പാണ്ഡവരെ നാണം കെടുത്തി.
പാവം കൃഷ്ണന്‍ സൂര്യനെ മറക്കാന്‍ സുദര്‍ശന ചക്രം പായിച്ചു. പിന്നെ എല്ലാരുടേയും കണ്ണുകെട്ടി മാജിക്ക് കാണിച്ച് സൂര്യനെ മറച്ചു.........
ഇനി അര്‍ജ്ജുനന്‍ ആത്മഹത്യ ചെയ്യണം എന്ന ആവശ്യവുമായ് ജയദ്രഥന്‍ പുറത്തു വന്നപ്പോള്‍ കൃഷ്ണന്‍ എല്ലാരുടേയും കെട്ടഴിച്ചൂ.. സൂര്യന്‍ യാതൊരു കൂസലുമില്ലാതെ ഉച്ചിയില്‍ കത്തി നില്‍ക്കുന്നു.......!
.അന്നാദ്യമായ് വാച്ചുകെട്ടാതെ യുദ്ധം ചെയ്യാന്‍ വന്ന ജയദ്രഥന്‍, അതിന്റെ വിലകൊടുത്തൂ.... സ്വന്തം തല...!

ഏറ്റവും വലിയ പഞ്ചാരയടി............

വായില്‍ പല്ലില്ലാത്ത കുറെ അപ്പൂപ്പന്മാരും കുറേ വായില്‍ നോക്കികളും പിന്നെ ഒരു സൊയമ്പന്‍ ചാന്തു പൊട്ടും(ലവനെ നമുക്ക് വരന്‍ എന്നു വിളിക്കാം തല്‍ക്കാലം) സ്വീകരണ മുറിയില്‍ കൊത്തിപ്പറിക്കാന്‍ കാത്തിരിക്കേ, അവള്‍ ഈ മഹാന്മാര്‍ക്ക് ചായയും ചുണ്ടില്‍ ലിപ്റ്റിക്കിന്‍ ചിരിയും പരത്തി വരുന്നു. കഴുകന്‍ കണ്ണുകള്‍ ആര്‍ത്തിയോടെ അവളെ ആക്രമിക്കുന്നു.ഇര ഓരോ കൊത്തും നന്നായ് അറിയുന്നു, അതില്‍ പിടയുന്നു എന്നാലും അവള്‍ ചിരിച്ചു നിന്നെ പറ്റൂ, മുന്നില്‍ ഭാവി വരനാണു, അവനെ സുഖിപ്പിച്ചേ പറ്റൂ, ഇല്ലെങ്കില്‍ കിളവന്മാര്‍ പറയും "അടക്കമൊതുക്കമില്ലാത്തവള്‍, കുടുംബത്തിനു പറ്റാത്തവള്‍, ലവളെ നമുക്കു വേണ്ടടേ" ന്ന്.എന്തേ ഈ നീച കൃത്യം ആരും അപലപിക്കാത്തത്...........? വിവരമുള്ള പെങ്കൊച്ചുങ്ങള്‍, നിങ്ങളുടെ എല്ലാ വല്യമ്മമാരുമായ് ചെറുക്കന്റെ വീട്ടിലെത്തി ആ പഹയനെ വിരട്ടണം.............:) ലവന്‍ മാത്രം അങ്ങനെ ഷൈന്‍ ചെയ്താല്‍ പോരല്ലോ.......!പെണ്ണൂകാണല്‍ എന്ന ഈ കൊത്തിപ്പറിക്കലിനെതിരെ ആരെങ്കിലും കേസ് കൊടുക്കുമോ? അഭിമാന ബോധമുള്ള പെണ്‍കുട്ടികള്‍ കേരളത്തില്‍ ഉണ്ടോ ആവോ?

പ്ലാവില.

മഞ്ഞ നിറത്തില്‍ നിലത്തുവീണുകിടക്കുന്ന പ്ലാവിലകള്‍, മരത്തിന്റെ കണ്ണീരിലകള്‍!പച്ചിലകള്‍ അവയെ നോക്കിച്ചിരിക്കുമ്പോള്‍ കുട്ടികള്‍ ആ പഴുത്ത പ്ലാവിലകള്‍ പെറുക്കിയെടുത്ത് തൊപ്പിയും അരപ്പട്ടയും ഉണ്ടാക്കി പോലീസാകും. കള്ളന്മാര്‍ക്ക് കള്ളത്തരമല്ലാതെ പ്രത്യേക അലങ്കാരങ്ങളൊന്നും അവശ്യമില്ലാത്തതിനാല്‍ എന്നെപ്പോലെയുള്ള തെമ്മാടികള്‍ ' ഇന്നാ പിടിച്ചോടാ പോലീസേ 'എന്ന മട്ടില്‍ ആ പോലീസിന്റെ മുന്നില്‍ക്കൂടി ഓടി നടക്കും.നല്ല കുത്തരിയുടെ കഞ്ഞിയും കണ്ണീമാങ്ങാ അച്ചാറും പര്‍പ്പടം ചുട്ടതും -ബൂര്‍ഷകള്‍ക്ക് ഒരു പയര്‍ തോരനും-കൂട്ടി കഞ്ഞികുടിക്കാനിരിക്കുമ്പോള്‍, ലവന്‍ അതാ ചുണ്ടും കോട്ടി മുന്നില്‍ ഇരിക്കുന്നു. അവന്റെ മുഖം ഒരു ഈര്‍ക്കിലി കൊണ്ട് കൂട്ടിക്കുത്തി വാല്‍ ഫ്രീയാക്കിയിട്ടാല്‍ നല്ലൊന്നാരം പ്രകൃതിയുടെ സ്പൂണായ്. കഞ്ഞി കോരിക്കുടിക്കുമ്പോള്‍ ഇലയില്‍ കടിച്ചാല്‍ പച്ച ചുവക്കാം:)ഹോ !ആശാ റാണി കയ്യില്‍ മയിലാഞ്ചിയിട്ടാല്‍ എന്താ ഭംഗി!എന്നു സിന്ധുവിന് അസൂയ, ഒരു പ്യാരിമുഠായ് കൊടുത്തപ്പോള്‍ ആ റാണി പറയാ,'മയിലാഞ്ചി അരക്കുമ്പോള്‍ പ്ലാവിലയുടെ ഞെട്ടും കൂട്ടി അരച്ചോന്നു.' ശോ' ഇതിനാണൊ ഒരു മുട്ടായി കളഞ്ഞതെന്നു ദീപയുടെ വിഷാദിക്കല്‍..:)

കാള വണ്ടി.

കഴുത്തില്‍ മണികെട്ടിയ രണ്ടു കാളകള്‍ , അവക്കു വെളുത്ത നിറവും മുഴുത്ത കൊമ്പും ഉണ്ടായിരുന്നു. കുന്നും പുറത്തേക്കുള്ള ചെമ്മണ്‍ പാതയിലൂടെ അവ വണ്ടിയും വലിച്ചുകൊണ്ട് താളാത്ത്മകമായ് കുതിക്കും. ഞങ്ങള്‍ കുട്ടികള്‍ സ്കൂളില്‍ നിന്നും വരുന്ന വഴി, കുന്നു കയറുന്ന കാളവണ്ടി തള്ളിക്കൊടുക്കും.. ചില വിരുതന്മാര്‍ പിന്നില്‍ ഞാന്നു കിടന്ന് യാത്ര ചെയ്യും... . എന്തൊരു വലിപ്പമാണു അതിന്റെ ചക്രത്തിനു?, ആ വീലിനു ചുറ്റും ഇരുമ്പു ചട്ട പതിച്ചിരിക്കും. അശോക ചക്രമാണു അതു കാണൂമ്പോള്‍ ആ ചെക്കനു തോന്നിയിരുന്നത്.റ്റാറിട്ട റോഡിലൂടെ കാളവണ്ടി ഓടുമ്പോള്‍, 'ടക് ടക്' എന്ന് കാതില്‍ വീഴുന്ന ശബ്ദം , അതു കേള്‍ക്കാന്‍ അവന്‍ കാളവണ്ടിക്കു പിന്നാലെ വേഗത്തില്‍ നടന്നിട്ടുണ്ട്. ഇടക്ക് ചാട്ടവാര്‍ കാറ്റില്‍ പുളയുന്ന നീറ്റല്‍, വേഗം കൂട്ടുന്ന കാളകള്‍..ഒരു ദിവസം അവന്‍ കണ്ടു കാളകളെ കാലു കെട്ടിയിട്ട് ലാടം തറക്കുന്നത്.... ആ ജീവികള്‍ക്ക് എന്തു മാത്രം വേദനിച്ചിരിക്കും......? കാലം മാറി ഇന്ന് മേഘങ്ങള്‍ക്കിടയിലൂടെ യാത്ര ചെയ്യുമ്പോഴും അയാള്‍ മനസ്സില്‍ സൂക്ഷിച്ചത്.... കാള വണ്ടിക്കു പിന്നില്‍ തൂങ്ങിയ ആ യാത്രയായിരുന്നു.......:)