Monday, October 26, 2009

മനസ്സിന്റെ ഗര്‍ഭ പാത്രം

എനിക്ക് വയ്യടാ, ജീവിതം എന്തൊരു ബോറാ.. നിനക്കും അങ്ങനെ തോന്നുന്നില്ലെ...? അവള്‍ ഇത്രക്ക് തകര്‍ന്ന വാക്കുകള്‍ ഒരിക്കലും അവനോട് പറഞ്ഞിരുന്നില്ല.. ഒരു പക്ഷേ, ഇനി അവള്‍ മരണത്തെക്കുറിച്ചും അവളുടെ ശവഘോഷയാത്രയെക്കുറിച്ചുമൊക്കെ പറഞ്ഞ് അവനെ തളര്‍ത്തിയേക്കാം...

"നീ മരണത്തിനു ശേഷംമറ്റൊരു ജീവിതത്തില്‍ നീ വിശ്വസിക്കുന്നുവോ..?"

എന്താണു അവന്‍ പറയുക..?

അവളെ ഈ ലോകത്തിലേക്കും ഏറ്റവും സുന്ദരമായ വാക്കുകളാല്‍ ആശ്വസിപ്പിക്കാനും ലാളിക്കുവാനും അവന്‍ കൊതിച്ചുപോയ്.. അവന്റെ മനസ്സ് എവിടേക്കോ പറന്നു ചെന്നു...

അമ്മയുടെ ഗര്‍ഭ പാത്രം. ഒരു കുഞ്ഞായിരുന്ന നാളുകള്‍. ഈ ലോകത്തിലേക്ക് വരാന്‍ അവനു ഒട്ടും ഇഷ്ടമില്ലായിരുന്നു. അമ്മയുടെ ഗര്‍ഭപാത്രത്തിന്റെ നിഗൂഡാഹ്ലാദത്തില്‍ അഭിരമിച്ചും അതിന്റെ സാരള്‌യത്തില്‍ അലിഞ്ഞും അമ്മയുടെ ഗര്‍ഭപാത്ര ഭിത്തിയില്‍ പിച്ചവെച്ചു നടക്കാനുമാണു അവന്‍ ആഗ്രഹിച്ചത്. അതുകൊണ്ടാണല്ലോ അവനെ അമ്മ പുറം തള്ളാന്‍ ശ്രമിച്ചപ്പോള്‍ അവന്‍ പുറത്തേക്ക് വരില്ലെന്നു വാശിപിടിച്ചത്. അമ്മക്ക് അത് കഠിന വേദന നല്‍കി. അവര്‍ പുളഞ്ഞു നീറി. എന്നിട്ടും അവനു അമ്മയോട് അലിവു തോന്നിയില്ല. പുറത്തേക്ക് വന്ന തല ഉള്ളിലേക്ക് വലിച്ചെടുക്കാനും കൈ കാലുകളാല്‍ ഗര്‍ഭാശയ ഭിത്തിയില്‍ പിടിച്ച് ഞാന്നു കിടക്കാനും അവന്‍ ശ്രമിച്ചു. ഒടുവില്‍ അവനെ ഉപേക്ഷിച്ച് അമ്മ ബോധക്കേടിലേക്ക് വീണു കിടന്നു.. അവന്‍ കൈകളിറുകെ ചുറ്റിപ്പിടിച്ച് ഉച്ചത്തില്‍ കരഞ്ഞു... അവന്‍ അടച്ചു പിടിച്ച കണ്ണുകളിലൂടെ പ്രകാശം അവന്റെ കുഞ്ഞു കണ്ണുകളിലേക്ക് കടന്നു ചെന്നു..

അവള്‍ നിര്‍വ്വികാരയായ് കേട്ടിരുന്നു.. 'ഇതൊക്കെ ചെറുക്കാ നീ എത്ര വട്ടം പറഞ്ഞിരിക്കുന്നു...നീയും നിന്റെ ഒരു അമ്മയും' എന്ന ഭാവം.. അതു കണ്ടപ്പോള്‍ അവനു തെല്ലു വിഷമം തോന്നി


"നമ്മളും ഒരോ ഗര്‍ഭ പാത്രങ്ങളാണു..."

അതു കേട്ടപ്പോള്‍ അവള്‍ മുഖമുയര്‍ത്തി, അവനെ നോക്കി ചിരിച്ചു...

"നിനക്കും.. ഗര്‍ഭ പാത്രമോ? അപ്പോള്‍ നീ എപ്പോഴാ എനിക്കൊരു കുഞ്ഞിനെ പെറ്റു തരിക..?"

"അതെ, ഇപ്പോള്‍ എന്റെ മനസ്സില്‍ ഒരു കുഞ്ഞ് രൂപം കൊള്ളുന്നു.. നീ പറഞ്ഞ വാക്കുകള്‍, നീ തന്ന സ്നേഹം.. അതെല്ലാം എന്നില്‍ നിറയുന്നു... അതൊരു കൊച്ചു 'മനസ്സിന്‍ കുഞ്ഞായ് ' എന്നില്‍ കിടന്നു കൈകാലിട്ട് അടിക്കുന്നു..."

അവള്‍ മനസ്സിലാവാതെ അവനെ നോക്കി...

അങ്ങനെ അവള്‍ക്ക് മനസ്സിലാവാതെ വരുമ്പോള്‍ അവന്‍ അവളുടെ പുറത്ത് വെറുതെ തലോടിക്കൊണ്ടാണു സംസാരിക്കുന്നത്...

"അതേയ്, നമുക്ക് അറിയാത്തൊരു ലോകത്തു നിന്നും നമ്മള്‍ ഇവിടേക്കു വന്നു. ഇപ്പോള്‍ നമ്മള്‍ മറ്റൊരു യാത്രയിലേക്കുള്ള ഒരുക്കത്തിലാണു. എന്നാല്‍ ആ ലോകത്തിലേക്ക് നമുക്ക് നമ്മുടെ ഗര്‍ഭപാത്രത്തെകൊണ്ടു പോകാന്‍ ആവില്ല. അമ്മയുടെ ഗര്‍ഭ പാത്രം ഉപേക്ഷിച്ചപ്പോള്‍ അല്ലേ നമ്മള്‍ ഈ ലോകത്തേക്ക് വന്നത്. അതുപോലെ ശരീരമെന്ന ഗര്‍ഭ പാത്രം ഇവിടെ ഉപേക്ഷിക്കണം..."

"ഹേയ്, എടാ നീ ദൈവീക റൊമാന്റിക്ക് ആവുന്നോ ?"

'ഉംഹൂ... ഞാന്‍ മനസ്സിന്റെ എനര്‍ജിയെക്കുറിച്ചാണു പറയുന്നത്.
ആത്മാവ്, അല്ലെങ്കില്‍ മനസ്സ്, അത് നമ്മള്‍ മരിച്ചാലും എവിടേക്കാ പോവുക ? മതങ്ങള്‍ പലതും പറഞ്ഞിട്ടുണ്ട്. എന്നാല്‍ ശാസ്ത്രം ഇപ്പോഴും അതിനൊരു ശാസ്ത്രീയതയും പറഞ്ഞിട്ടില്ല... നീ നോക്കൂ... ഒരു മഴത്തുള്ളീ വീണ്ടും വീണ്ടും ഭൂമിയെ ചുംബിക്കാനുള്ള ആവേശത്തില്‍ തിരിച്ചു വരുന്നു. ഒരു വിത്ത് നശിക്കുന്നതോടെ മറ്റൊരു ചെടി അതില്‍ നിന്നും പിറക്കുന്നു..
എന്നാല്‍ മനുഷ്യന്‍........ചിന്തിക്കുന്ന ബുദ്ധിയുള്ള മനസ്സുള്ള ജീവി....... അതിന്റെ വളര്‍ച്ച മറ്റൊന്നിലേക്കാവും... "

"മനസ്സിന്റെ ഗര്‍ഭപാത്രം........ മനുഷ്യ ശരീരം...! കൊള്ളാം , എനിക്കിഷ്ടായ് " അവള്‍ അവനെ നോക്കി പുഞ്ചിരിച്ചു.

'ഇനിയും നീ പറയുമോ കുറച്ചു കൂടി...'

" അമ്മ ഒരു കുഞ്ഞിനെ ഗര്‍ഭപാത്രത്തില്‍ സൂക്ഷിക്കുന്നത്ര ശ്രദ്ധയോടെ നാം നമ്മുടെ മനസ്സിനെയും സൂക്ഷിക്കണം. അത്രക്ക് ഉയര്‍ന്ന ചിന്തകളും ഉദാത്ത സ്നേഹവും അതിന്റെ ഭക്ഷണമാകണം. ഒരിക്കലും അതിനു ദഹിക്കാത്ത വിഷമുള്ള ഭക്ഷണം നല്‍കാന്‍ പാടില്ല. ആരോഗ്യവും സൗന്ദര്യവുമുള്ള ഒരു മനസ്സിനെ പ്രസവിക്കേണ്ട അമ്മമാരാണു ഓരോ മനുഷ്യനും."

"ഹേയ്, നീ എന്താണു ചെയ്യുന്നത്........ ?'

"ഞാന്‍ നിന്നെ എന്റെ തലമുടികൊണ്ട് അടിക്കാന്‍ പോകുന്നു..."
"ഹേയ്, ഹേയ് ....ശോ.. കണ്ണില്‍ കൊണ്ടു..."
"യ്യോ..!സാരമില്ല . ശൂ........ശൂ...."
"വെറുതെ ഊതിയാലൊന്നും പോരാ...... നിന്റെ കണ്‍പീലികള്‍ കൊണ്ട് എന്നെ ഉമ്മവെക്കൂ.."
"ആഹാ, എന്തിനു...?"

"മനസ്സിന്റെ മയില്‍‌പ്പീലി കൊണ്ട് ഞാന്‍ നിന്നെ ഉമ്മവെച്ചതിനാല്‍..!"

4 comments:

മാണിക്യം said...

"ഞാന്‍ മനസ്സിന്റെ എനര്‍ജിയെക്കുറിച്ചാണു പറയുന്നത്.ആത്മാവ്,അല്ലെങ്കില്‍ മനസ്സ്,
അത് നമ്മള്‍ മരിച്ചാലും എവിടേക്കാ പോവുക?"

നല്ലൊരു ചോദ്യം!ആലോചിക്കട്ടെ!
സ്നേഹം ഒരു വികാരമല്ല ഒരു സ്വഭാവമാണ് .. അനുഭൂതിയാണ് അതു മനസ്സിലാക്കത്തവര്‍ക്ക്
ആര്‍‌ക്കും സുഖം കിട്ടില്ല.....

Anonymous said...

മനസ്സിനു ദഹിക്കാത്ത വിഷം കലർന്ന ഭക്ഷണം സേവിക്കുന്നവരാണിപ്പോഴധികവും

അവർ വിഷം തുപ്പുന്നു..അത് മറ്റുള്ളവർക്ക് മീതെ തെറിച്ചെന്ന് മനസ്സിലാകുമ്പോൾ ആർത്ത് സുഖിച്ച് ചിരിക്കുന്നു

Anonymous said...

kals kudiyans speech

valare nannayi varunnu

കല്യാണിക്കുട്ടി said...

ആരോഗ്യവും സൗന്ദര്യവുമുള്ള ഒരു മനസ്സിനെ പ്രസവിക്കേണ്ട അമ്മമാരാണു ഓരോ മനുഷ്യനും."


nice.................