Thursday, March 12, 2009

കുന്തി...കരയുകയായിരുന്നു...

ഗാന്ധാരി, എന്നെ തോല്പിച്ചു.
ഓര്‍ത്തപ്പോള്‍ കുന്തിയുടെ മനസ്സു പുകഞ്ഞു. ജീവിതത്തില്‍ അനുഭവിക്കേണ്ടി വന്ന യാതനകളെത്ര. രാജകുമാരിമാര്‍ക്ക് ജീവിതം രാജ്യത്തിനു വേണ്ടി ഹോമിക്കാനുള്ളതാണല്ലോ. രാജാക്കന്മാര്‍ തലയില്‍ സ്വര്‍ണ്ണകിരീടം ചൂടി തലയിലെ ഗൗര്‌വ്വും അഹങ്കാരവും മൂടിവെക്കുന്നു. മണ്ടത്തരങ്ങള്‍ കാണിക്കുന്ന തല സം‌രക്ഷിക്കാന്‍ സ്വര്‍ണ്ണ കിരീടം..!. ആ അഹങ്കാരത്തിനു കീഴില്‍ ഞെരിഞ്ഞമരാന്‍ സ്ത്രീ ജന്മങ്ങളും.

എല്ലാ സ്വാതന്ത്ര്യവും തന്ന് അച്ഛന്‍ വളര്‍ത്തി.എന്നാലും എന്തൊരു പേടിയായിരുന്നു അദ്ദേഹത്തിനു. അതല്ലേ മഹാമുനിയെന്ന അഹങ്കാരവുമായ് കൊട്ടാരത്തിലെത്തിയ ദുര്‍‌വ്വാസാവിനെ പരിചരിക്കാന്‍ സ്വന്തം മകളെ തന്നെ പറഞ്ഞയച്ചത്.

കുമാരിയായിരുന്ന താന്‍, പ്രായത്തിന്റെ ചാപല്യങ്ങളൊന്നും അറിയാതിരുന്ന ഒരു പെണ്‍കുട്ടി. ഒരു വയസ്സനെ പരിചരിക്കാന്‍ നിയോഗിക്കപ്പെടുക. അതും മൂക്കത്ത് ശുണ്ഠിയും വാക്കുകളില്‍ തീയും സൂക്ഷിച്ചൊരു കടല്‍ക്കിഴവനെ,സന്തോഷിപ്പിക്കാന്‍, ലോകം പരിക്കുകളേല്പ്പിക്കാത്തൊരു കന്യകയെ വിട്ടുകൊടുക്കുക.

അച്ഛന്‍ മുഖത്തു നോക്കിയില്ല. അപമാന ഭീതിയില്‍ കുനിഞ്ഞ ആ ശിരസ് പിന്നീടൊരിക്കലും മകളുടെ നേരെ ഉയര്‍ന്നിട്ടുമില്ല. പിതാവിനെ തോല്പിക്കാന്‍ താന്‍ പിന്നീട് അദ്ദേഹത്തിന്റെ മുന്നില്‍ എത്തിയിട്ടില്ലാ എന്നതല്ലേ സത്യം..

ഒരു വര്‍ഷത്തെ അഗ്നി പരീക്ഷണം. കിഴവനായിട്ടും എന്തൊരു ശക്തിയായിരുന്നു ദുര്‍‌വ്വാസാവിനു, മാന്തളിരിനു മുകളില്‍ മദിച്ചു നടക്കുന്നൊരു കാളക്കൂറ്റന്‍. ഓര്‍ത്തപ്പോള്‍ കുന്തിക്ക് സന്യാസത്തിന്റെ മുഖത്ത് കാര്‍ക്കിച്ചു തുപ്പാന്‍ തോന്നി.

ഒടുവില്‍ കൊട്ടാരവാസം മടുത്തപ്പോള്‍ സന്യാസി ഇറങ്ങി നടന്നു. ഒരു വരവും തന്ന്.. ആ വരത്തെ ജനിച്ചപ്പോഴേ നദിയിലൊഴുക്കിയില്ലേ ഞാന്‍. എന്തേ ആ കുഞ്ഞിനോട് അലിവു തോന്നാതിരുന്നത് ? സ്നേഹത്തോടെ അതിനെ ഒന്നുമ്മ വെക്കാന്‍ പോലും തനിക്ക് കഴിഞ്ഞില്ലല്ലോ... തന്റെ അമ്മ മനസ്സ് അന്നേ എവിടെയോ കളഞ്ഞു പോയിരുന്നോ?

പാണ്ഡുവിനെ വിവാഹം കഴിക്കാനുള്ള ആലോചന വന്നപ്പൊഴും താന്‍ എതിര്‍ത്തില്ല. എതിര്‍ത്തിട്ടും, എന്തു കാര്യം?

ഭയരഹിതാനായൊരു അച്ഛന്റെ മകളായാണു പിറക്കേണ്ടതെന്നു മാത്രം തോന്നി.!

മാദ്രിയോട് ആദ്യമൊക്കെ അകല്‍ച്ചയായിരുന്നു. തന്നെക്കാള്‍ സുന്ദരി, രാജാവിനു അതിനാല്‍ അവളോട് പ്രിയമേറെയും..

എന്നിട്ടും അനന്തരാവകാശികളില്ലാതെ വന്നപ്പോള്‍ തന്നോട് ആരെയെങ്കിലും ഉത്തമ പുരുഷന്മാരെ കണ്ടെത്താനും അതില്‍ രാജവംശം നില നിര്‍ത്താനും പറഞ്ഞ രാജാവിന്റെ മുഖത്ത് എന്തു വികാരമായിരുന്നു...? അതിനും ഒരു കള്ളക്കഥ ചമച്ചതു കേട്ട് അന്ന് ഉള്ളില്‍ എത്ര ചിരിച്ചൂ താന്‍.. കാമമോഹിതനായ മാനിന്റെ ശാപം...അതോ പിന്നിട്ട വഴികളില്‍ വലിച്ചെറിഞ്ഞ പെണ്‍കുട്ടികളുടെ ശാപമോ?

പ്രതികാരത്താല്‍ പുകയുകയായിരുന്നു മനസ്സ്. അതിനാല്‍ ഒരു കഥമെനയാന്‍ തനിക്കും സാധിച്ചു. ദുര്‌വ്വാസാവ് തന്ന വരം...ഏതു ദേവനെയും പ്രീതിപ്പെടുത്താന്‍ കഴിയുക എന്ന വരം.. !

തനിക്കെന്നും കൊട്ടാരത്തില്‍ അദ്ദേഹമായിരുന്നല്ലോ താങ്ങും തണലും ഈ കുന്തിയുടെ സ്ത്രീ മനസ്സ് മനസ്സിലാക്കിയത് അദ്ദേഹം മാത്രം. എന്നിട്ടും ശൂദ്ര സ്ത്രീയില്‍ ജനിച്ചുവെന്ന കാരണം പറഞ്ഞ് അധികാരത്തിന്റെയൂം അവകാശത്തിന്റെയും അകത്തളത്തിനു പുറത്തു നിര്‍ത്തിയ വിദുരര്‍...പ്രണയമായിരുന്നു അദ്ദേഹത്തോട്, ആ സൗമ്യതയോട് ആ അറിവിന്റെ നിറവിനോട്...വിദുരരെ തന്റെ മക്കളുടെ അച്ഛന്റെ സ്ഥാനത്ത് കണ്ടപ്പോള്‍ തെല്ലും കുറ്റബൊധം തോന്നിയില്ല. രാജകൊട്ടാരത്തില്‍ നിന്നും അകറ്റി നിര്‍ത്തപ്പെട്ടൊരു മനുഷ്യന്റെ മകനെ രാജാവാക്കുക.. ഒരു പ്രണയിനിക്ക് അതില്പ്പരം എന്താണു നല്‍കാനുണ്ടാവുക.. ഹൃദയം കൊണ്ട് അടുത്ത ബന്ധം.. !

മൂന്നു കുട്ടികള്‍..!
മൂന്നു ദേവന്മാരെന്നു ഭര്‍ത്താവിനെ പറഞ്ഞു പറ്റിക്കാനും പ്രയാസമില്ലായിരുന്നു.
ഒടുവില്‍ മാദ്രിക്ക് ആ മന്ത്രം പറഞ്ഞുകൊടുക്കാന്‍ പറഞ്ഞ ഭര്‍ത്താവിന്റെ ബുദ്ധിയോട് ബഹുമാനം തോന്നി..
ഭാഗ്യം ! അവള്‍ക്കും പ്രണയിക്കാനൊരാള്‍ ഉണ്ടായിരുന്നത്.. എന്നും മനസ്സിനും ശരീരത്തിനും അസുഖം ബാധിച്ചൊരു പെണ്‍കുട്ടി, കൊട്ടാരം വൈദ്യനെയല്ലാതെ ആരെ പ്രണയിക്കാന്‍..!

രാജാവിന്റെ സംശയം കൊട്ടാരം വൈദ്യന്റെ ജീവനാണപഹരിച്ചത്.

വീണ്ടും മന്ത്രം പറഞ്ഞുകൊടുക്കാന്‍ തന്നെ നിര്‍ബ്ബന്ധിച്ച രാജാവിനോട് തനിക്കും രാജ്യതന്ത്രം പറയേണ്ടി വന്നൂ..

ഭര്‍ത്താവിന്റെ ചിതയില്‍ച്ചാടി ജീവനൊടുക്കാന്‍ മാദ്രി തിടുക്കം കൂട്ടി. പ്രണയം നശ്ശിപ്പിക്കപ്പെട്ടൊരു പെണ്‍കുട്ടിക്ക് അതല്ലാതെ എങ്ങനെ കുല സ്ത്രീ ധര്‍മ്മം അനുഷ്ഠിക്കാന്‍... ?

ജീവിതം പിന്നീട് അഗ്നി പരീക്ഷണങ്ങളുടേതായിരുന്നു.കൗരവരാജ സദസ്സില്‍ ഒരു വിധവക്ക് എന്തവകാശം ? ജീവിക്കാനും മക്കളെ ജീവിപ്പിക്കാനും വേണ്ടിയുള്ള സമരമായിരുന്നു പിന്നീട് ജീവിതം..

ആരായിരുന്നു അരക്കില്ലം നിര്‍മ്മിച്ചതും അതിനു തീ കൊളുത്തിയതും... ശകുനിയോ, അതോ ഭര്‍ത്താവിന്റെ ജേഷ്ഠനോ...?
മക്കളെ കഥകളുടെ ബലത്തില്‍ വളര്‍ത്തേണ്ടി വരുന്നൊരമ്മ. ജീവിച്ചിരിക്കുന്ന അച്ഛന്‍ നിസംഗനാവുമ്പോള്‍ ഒരമ്മക്ക് അതല്ലേ സാധിക്കൂ..?

അന്ന്, കുലം ചൊദിക്കപ്പെട്ട് അപഹാസ്യനായ് നില്‍ക്കുന്ന കര്‍ണ്ണനെ കണ്ടപ്പോള്‍ മനസ്സ് തുടിച്ചുപോയ്, താന്‍ നദിയിലെറിഞ്ഞു കളഞ്ഞ കുഞ്ഞിനെക്കുറിച്ചോര്‍ത്ത് ആദ്യമായ് മനസ്സു നൊന്തു.അവനിപ്പോള്‍ എവിടെയായിരിക്കും...?അവനും ഇതുപോലെ അപഹാസ്യനാക്കപ്പെട്ട് എവിടെയെങ്കിലും...തന്റെ കുഞ്ഞ്...
ഒരമ്മക്ക് അമ്മയാവാതിരിക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവായിരുന്നു അത്.. മോഹാലസ്യത്തില്‍ നിന്നുണര്‍ന്നപ്പോള്‍ കഥ വേറേ ചമക്കപ്പെട്ടിരുന്നു. കുന്തിയുടെ മകനാണു കര്‍ണ്ണന്‍ എന്ന്...കഥകള്‍ക്ക് പഞ്ഞമില്ലല്ലോ..!

ഒരു രാജവംശത്തോട് ഒറ്റക്ക് പൊരുതി നില്‍ക്കാന്‍ ഈ കുന്തിയാര്..? ഒരു നിമിഷം തെറ്റിയാല്‍ ജീവന്‍ പോകുമെന്ന അവസ്ഥ.

പല പിതാക്കളില്‍ ജനിച്ചുവെന്നു വിശ്വസിക്കുന്ന തന്റെ മക്കളെ തനിക്ക് എന്തിലെങ്കിലും ബന്ധിച്ചു നിര്‍ത്തണമായിരുന്നു. അതല്ലേ ദ്രൗപതിയെ എല്ലാവരുടേയും ഭാര്യയാക്കേണ്‍ടി വന്നത്.. അര്‍ജ്ജുനനെ പ്രണയ പൂര്‍‌വ്വം വീക്ഷിച്ച മിഴികള്‍ കണ്ടില്ലെന്നു നടിക്കേണ്ടി വന്നു..മനസ്സില്‍ ഒരു സ്ത്രീയോട് മാപ്പിരന്നതന്നായിരുന്നു.

രാജകുമാരന്മാരുമായി കൊട്ടാരത്തിലേക്കു തിരിച്ചെത്തി, അവരെ കൊണ്ട് മറ്റൊരു രാജധാനി നിര്‍മ്മിച്ച് അവിടെ കഴിഞ്ഞപ്പോഴും മനസ്സ് അസ്വസ്ഥമായിരുന്നു.

എത്രയൊക്കെ പറഞ്ഞുകൊടുത്തിട്ടും എന്തേ, യുധിഷ്ഠിരന്‍ വിഡ്ഡിത്തരങ്ങള്‍ കാണിക്കുന്നുവെന്നു വിദുരരോട് ചോദിച്ചപ്പോള്‍... അദ്ദേഹം നിറമിഴിയോടെ പറഞ്ഞു.."ഭദ്രേ, അവനതിനേ കഴിയൂ... ചൂത് എന്നത് ഒരു കുരുക്കാണെന്ന് അറിഞ്ഞിട്ടും അതില്‍ നിലനില്‍ക്കേണ്ടി വരിക. അല്ലെങ്കില്‍ നേരിട്ടൊരു യുദ്ധമാവും ഉണ്ടാവുക...ഉന്മ്മൂല നാശം."

അന്നു മുതല്‍ താനൊരു യുദ്ധ തന്ത്രഞ്ജയായി. ഒരു സ്ത്രീ മനസ്സ് യുദ്ധം നയിക്കാനിറങ്ങിയാല്‍ ഏതു രാജവംശത്തിനാണതിനെതിരു നില്‍ക്കാനാവുക..?

കര്‍ണ്ണനെ മകനായ് ഏറ്റെടുത്തൂ... മഹാ തന്ത്രശാലിയായ കൃഷ്ണനു തന്റെ മക്കളെ വിട്ടുകൊടുത്തൂ. ഒരേ ഒരു ലക്ഷ്യം മാത്രമായിരുന്നു മനസ്സില്‍ . എല്ലാ തനിക്കെതിരെ നിന്നവരെ നശ്ശിപ്പിക്കുക. തന്റെ ജീവിതം വഴി മുട്ടിച്ചവരെ തകര്‍ത്തു തരിപ്പണമാക്കുക..

യുദ്ധത്തില്‍ കൗരവരെ മുച്ചൂടും മുടിച്ചു.. യുധിഷ്ഠിരന്‍ രാജാവുമായി..

ഇനി ഈ അമ്മക്ക് സ്വസ്ഥയാവണം.. അഭിമന്യുവിനെ ലാളിക്കാനോ കൊതിതീരെ ഒന്നുമ്മ വെക്കാനോ സാധിച്ചില്ല. പേരക്കുട്ടികളെ ഉമ്മ വെക്കാന്‍ പേടിയായിരുന്നു.. മുത്തശ്ശിയുടെ ചുണ്ടുകള്‍ അവരെ ചുട്ടുപൊള്ളിക്കുമോ എന്ന ഭയം.. മനസ്സിലെ അഗ്നി ചുണ്ടിലൂടെ അവരെ കരിച്ചാലോ എന്ന ഭീതി..ഇപ്പോള്‍ തന്റെ മനസ്സ് തെളിനീര്‍ ത്തടാകം പോലെ ശാന്തമാണു...കുളിരാര്‍ന്നതാണു.. അഭിമന്യുവിന്റെ പൊന്നോമല്‍ പൈതലിനെ കൊതി തീരെ ലാളിക്കണം.. അവനെ ഉമ്മവെച്ച് ഉമ്മവെച്ച് താനിതുവരെ തന്റെ പേരമക്കള്‍ക്കായ് ഉള്ളില്‍ സൂക്ഷിച്ച എല്ലാ സ്നേഹവും പകരണം...ഓര്‍ത്തപ്പോഴേ മനസ്സു തുടിച്ചുവല്ലോ.. കുന്തി ഒരു മുതു മുത്തശ്ശിയായിരിക്കുന്നു...

സഫലമായ യാത്ര.........!
.
മനസ്സിലെ സന്തോഷം നീണ്‍ടു നിന്നില്ല.. ധൃതരാഷ്ട്രരും ഗാന്ധാരീ ദേവിയും കാട്ടിലേക്കു സന്യസിക്കാന്‍ പോകുന്നു.. ഒപ്പം വിദുരരും...

കുന്തി നടുങ്ങിപ്പോയ്, എത്ര നിസാരമായ് ഗാന്ധാരി തന്നെ തോല്പ്പിച്ചിരിക്കുന്നു.. ഇനി തനിക്കീ രാജകൊട്ടാരത്തില്‍ മക്കള്‍ക്കൊപ്പം വാഴാനാവുമോ? എല്ലാ മക്കളെയും കൊന്നൊടുക്കപ്പെട്ട വൃദ്ധ ദമ്പതികളെ കാട്ടിലേക്കയച്ച് താന്‍ ഇവിടെ സുഖാമായ് വാഴുന്നുവെന്ന് ജനം പറയില്ലേ.. താന്‍ ജീവനേക്കാളേറെ സ്നേഹിച്ച വിദുരര്‍, അദ്ദേഹമില്ലാതെ എനിക്കെന്തിനാണീ കൊട്ടാരം..?

അവര്‍ക്കൊപ്പം പോകാന്‍ മനസ്സ് ഒരു നിമിഷം കൊണ്ട് ഒരുങ്ങി..
പാടില്ലാ എന്നു നിബ്ബന്ധിച്ച മക്കളെ സൗമ്യമായ് ആശ്ലേഷിച്ചു..യുധിഷ്ഠിരനോട് മാത്രം പറഞ്ഞു...' മകനേ ഒരു അമ്മയുടെ കടമ ഞാന്‍ നിങ്ങള്‍ക്കായ് നിര്‌വ്വഹിച്ചു.. ഇനി ഒരു ഭാര്യയായ് എനിക്ക് കാട്ടിലേക്ക് പോകണം.. നിങ്ങളുടെ അഛനെ പരിചരിക്കാന്‍...'
..നടുങ്ങി നിന്ന മകന്റെ നിറുകയില്‍ ഒരുമ്മ അലിവോടെ...

കുന്തി യാത്രവാവുന്നു... ചെറുപ്പത്തില്‍, ഒരു വൃദ്ധനെ പരിചരിക്കാന്‍ വിധിക്കപ്പെട്ട ഒരു സ്ത്രീ... അവളുടെ ജീവിതാവസാനത്തിലും... പരിചരണത്തിനായ് നിയോഗിക്കപ്പെട്ടിരിക്കുന്നു...ഒരേ ഒരു വ്യത്യാസം മാത്രം... പണ്ട് അവള്‍ നിര്‍‌ബ്ബന്ധിക്കപ്പെട്ട് ഏറ്റെടുത്ത ഒരു കാര്യം ഇന്ന് നിറമനസ്സോടെ ഏറ്റെടുത്തു......

കൊട്ടാരത്തിന്റെ മട്ടുപ്പാവില്‍ നിന്നും കുന്തി പുറത്തേക്കു നോക്കി...
ചന്ദ്രന്‍, ഉദ്യാനത്തെ നനച്ചിരുന്നു...!

4 comments:

മനുഷ്യസ്നേഹി said...

Dear Sir,
very good words,please change the heading of your Blog.This is a serious work.I liked it."Randamoozham" vayicha pole feeling.

chithrakaran ചിത്രകാരന്‍ said...

ബ്രാഹ്മണ വിത്തുകാളകളുടെ രാഷ്ട്രീയ-സാംസ്കാരിക അധിനിവേശത്തിന്റെ കുടില തന്ത്രങ്ങളാണ് മഹാഭാരതത്തിലൂടെയും,രാമായണത്തിലൂടെയും
നിയമവിധേയമാക്കിയിരിക്കുന്നത്.
ബ്രാഹ്മണ്യം എപ്പോഴും സ്ത്രീയിലൂടെയാണ് അധികാരത്തിലേക്ക് ഇഴഞ്ഞുകയറിയത്.
അധമ സംസ്കാരം !!!

Unknown said...

great thoughts sooryetta...... :)

Anonymous said...

nmnm