Tuesday, December 30, 2008

കൃഷ്ണന്റെ കനവിലെ കിനാവ്...

അഭിമന്യു മരിച്ച അന്നു രാത്രി കൃഷ്ണനു ഉറക്കം വന്നില്ലാ, ഒരു ഗ്ലാസ് ജീരക വെള്ളം മടു മടാ കുടിച്ച്, തന്റെ ഓടക്കുഴലിലൂടെ അല്പം സമയം ദുഃഖഗാനം ആലപിച്ചു. കണ്ണൊന്നടച്ചാല്‍, കളിച്ചു ചിരിച്ച് 'അമ്മാവാ' എന്നും വിളിച്ച് ഓടിവരുന്ന അനന്തിരവന്റെ ചന്ദ്രശോഭയാര്‍ന്ന മുഖം..കൃഷ്ണന്‍ ഓര്‍ത്തൂ..

എന്തിനായിരുന്നു ഇങ്ങനെ ഒരു ജീവിതം ?

ചെറുപ്പത്തിലെ മുതല്‍ പ്രശ്ന സങ്കീര്‍ണ്ണം. ജനിക്കുന്നതിനും മുന്നെ അമ്മാവന്‍ കംസന്റെ കോപത്തിനു ഹേതുവായ്, ഏതോ വിവരം കെട്ട വാരഫലക്കാരന്‍ പറഞ്ഞതു കേട്ട്, അമ്മാവന്‍ തന്റെ ശത്രുവായ്, ജനിക്കുന്നതിനു മുന്നെ പൂശിക്കളയാന്‍ അങ്ങേര്‍, ഓഡറിട്ടു. അമ്മയേയും അഛനെയും കാരാഗൃഹത്തില്‍ അടച്ചു പൂട്ടി. ഗോതമ്പുണ്ട തീറ്റിച്ചു. അന്ന് 'അബോര്‍ഷന്‍' എന്ന പരിപാടി അമ്മാവനു അത്രക്കു നിശ്ചയമില്ലായിരുന്നതിനാല്‍ അമ്മയുടെ ഗര്‍ഭ പാത്രത്തില്‍ സുഖിച്ചു കഴിയാന്‍ പറ്റി. ജനിച്ച അന്നു രാത്രി, തുള്ളിക്കൊരു കുടം എന്ന രീതിയില്‍ ആകാശം പൊട്ടിയൊലിച്ചു. നല്ലൊരു കുടകിട്ടാത്തതിനാലും കനത്ത തണുപ്പും കാരണം അമ്മാവന്‍ ആനമയക്കി അടിച്ച്, അമ്മായിയുടെ അടുത്തിരുന്നത് , തന്റെ ഭാഗ്യമായ്...

ഏതോ കള്ളന്റെ സഹായത്തോടെ അച്ഛന്‍ തടവറയുടെ പൂട്ടു തകര്‍ത്തൂ.. കള്ളന്റെ പേരു അഛന്‍ മറന്നു പോയതുകൊണ്ട് ഉദ്ദിഷ്ടകാര്യത്തിനു ഉപകാരസ്മരണ നടന്നില്ലാ. എങ്കിലും അമ്മയുടെ കഴുത്തില്‍ കിടന്ന പത്തു പവന്റെ കുന്നിക്കുരുമാല കണാതെ പോയതില്‍ നിന്നും ജോലിക്ക് കൂലി പിടിച്ചു വാങ്ങുന്ന ഏതോ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകനായിരിക്കാം കള്ളന്‍. അതോ കള്ളന്‍ കപ്പലില്‍ തന്നെയോ..?

ജയിലറയില്‍ നിന്നും രക്ഷപ്പെട്ടിട്ടും അമ്മാവന്‍ തന്നെ കൊല്ലാനായ് ചാവേറിനെ വിട്ടിരുന്നു. പൂതന എന്നൊരു എല്‍.റ്റി.റ്റി. ക്കാരിയെ വാടകക്കെടുത്ത് തന്നെ തട്ടാന്‍ അയച്ചതും , അവള്‍ മുലക്കണ്ണില്‍ പൊട്ടാസ്യം സൈനയിഡ് പുരട്ടി വന്നതും... ഹോ ! ഓര്‍ക്കുമ്പോള്‍ ഞെട്ടിപ്പോകുന്നു.. തന്റെ ഭംഗിയുള്ള മുഖം കണ്ട് ആ തമിഴച്ചി, തമിഴ് പൊണ്ണ്, പെണ്‍കൊടിക്ക് മനസ്താപം ഉണ്ടാവുകയും. 'ഇന്ത ഇളം കൊളന്തയെ ഞാന്‍ തര്‍ക്കൊല പണ്ണമാട്ടേ' എന്നു പറഞ്ഞ് , അവള്‍ സൈനെയിഡ് ഗുളിക കടിച്ചു പൊട്ടിച്ച് ആത്മഹത്യ ചെയ്യ്‌തതും ഓര്‍ത്തപ്പോള്‍ കണ്ണന്റെ കണ്ണു നനഞ്ഞു.

യശോദാമ്മയുടെ മകനായുള്ള ജീവിതം. യമുനയിലെ കുളിരുള്ള വെള്ളത്തില്‍ ചാടിമറിഞ്ഞുള്ള കുളീ. ഗോപ സ്ത്രീകളുടെ ചേലകള്‍ അടിച്ചുമാറ്റിയത്, വെള്ളത്തില്‍ ഒന്നു മുങ്ങി നിവര്‍ന്നു കയറി വരുന്ന ഗോപസ്ത്രീകള്‍ക്ക് ഒരു ചാണകത്തിന്റെ നാറ്റമായിരുന്നു. അവര്‍ ഭംഗിയായ് കുളിക്കാനും വൃത്തിയുള്ളവരായ് മാറാനും താന്‍ ചെയ്യ്‌ത പണി തനിക്കു തന്നെ പാരയായ്. വെണ്ണതിന്നു, വെണ്ണമണവും രുചിയുമായിത്തീര്‍ന്ന തന്നെ ഈ മുശുക്കു മണമുള്ള ഗോപസ്ത്രീകള്‍, കാണുന്നവര്‍ കാണുന്നവര്‍ കെട്ടിപ്പിടിച്ചുമ്മ വെച്ചു പീഡിപ്പിച്ചതിനെ അപലപിക്കാന്‍ ഒരു പുരുഷ സംഘടനയും അന്നുണ്ടായിരുന്നില്ല. തന്റെ പ്രായമുള്ള ചെറിയ ഗോപാലന്മാരെല്ലാം തന്നെ അസൂയയോടെ നോക്കി. ചുവരിലെല്ലാം കരിക്കട്ടകൊണ്ട് ' രാധ + കൃഷ്ണന്‍' എന്നു എഴുതിവെച്ചു. തന്നെക്കുറിച്ചുള്ള ഗോസിപ്പുകള്‍ക്ക് ഒരു പഞ്ഞവും തലതെറിച്ചവന്മാര്‍ക്കില്ലായിരുന്നു..(കാലങ്ങള്‍ക്കു ശേഷം അഷ്ടപദി എന്നൊരു ശൃംഗാര കാവ്യമും ജയദേവന്‍ എന്നൊരു കശമലന്‍ ചമച്ചു വെക്കും. 'ധീരസമീരേ യമുനാ തീരെ...' എന്ന വരികളുടെ കാവ്യ ഭംഗി കൊണ്ടു മാത്രം ലവനെ താന്‍ വിട്ടുകള്യും അല്ലായിരുന്നെങ്കില്‍, അവന്റെ പൊണ്ടാട്ടിയെക്കൊണ്ട് ഞാന്‍ അവനെ തൂത്തു വാരിക്കുമായിരുന്നു.)

പാവം പിടിച്ചൊരു കുചേലന്‍ മാത്രമാണു തന്നോട് കൂട്ടുകൂടിയത്, അതാണു അവന്റെ ദുരിതകാലത്ത് ഒരു ഏ.ഡി.ബി ലോണ്‍ അവനു പാസാക്കിക്കൊടുത്തത്, അവന്‍ ഇപ്പോള്‍ അതു തിരിച്ചടക്കാന്‍ കഴിയാതെ ആത്മഹത്യ ചെയ്യ്‌തോ എന്തോ..?
എല്ലാം മായ...!

പെണ്‍കുട്ടികളെ കൂട്ടു പിടിക്കുന്നതൊട്ടും നല്ല കാര്യമല്ല. അവളുമാര്‍ എപ്പോഴും നമ്മളെ കുരുക്കിലാക്കാനുള്ള വഴികള്‍ നോക്കി കണ്ടു പിടിക്കും.. കാളിന്ദിയില്‍ ചുമ്മാ വാഴക്കാ വരയനെയും വട്ടോന്‍ മീനെയും തിന്ന് കഴിഞ്ഞിരുന്നൊരു പാവം പെരുമ്പാമ്പ്, അത് അവരെ ശല്യപ്പെടുത്തുന്നുവെന്നും പറഞ്ഞ്, അവര്‍ എന്നെ കുരുക്കിയില്ലെ... അന്ന് അതിന്റെ പുറത്ത് വീഴാതെ നിന്ന് ചാടിത്തുള്ളിയതും അവളുമാരു പാഞ്ഞു പോയി, 'കൃഷ്ണന്‍ പാമ്പിനെ കൊന്നേ' എന്നും പറഞ്ഞ്... കാളിയന്‍ എന്ന അവന്റെ വായില്‍ നിന്നും എങ്ങനെ രക്ഷപ്പെട്ടുവെന്നു തനിക്കേ അറിയൂ..... ദേഹമാസകലം വെളുത്തുള്ളി തേക്കേണ്ടി വന്നതിന്റെ പുകച്ചില്‍ ഹോ! ഭയങ്കരം..!

ഇവളുമാരുടെ അടുത്ത് ജീവിച്ചുപോകണമെങ്കില്‍, മന്ത്രവാദം പഠിച്ചേ പറ്റൂ എന്നു മനസ്സിലാക്കിയ താന്‍, കാട്ടില്‍ പോയ് ആദിവാസിമൂപ്പനില്‍ നിന്നും കുറച്ചൊക്കെ പഠിച്ചതും പിന്നെ തന്റെ കഴിവിലൂടെ പുതിയ ചില ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ കണ്ടു പിടിച്ചതിനാലും മന്ദര പര്‍‌വ്വതത്തെ ഉയര്‍ത്തിക്കാണിക്കുന്നതായ് തോന്നിപ്പിക്കാന്‍ പറ്റി. അല്ലാരുന്നെങ്കില്‍ അന്നേ, ഇവളുമാര്‍ എന്നെ വിട്ട് പോകില്ലായിരുന്നോ ? തന്റെ പുല്ലാംങ്കുഴലില്‍ നിന്നും ഗാനം മാത്രമല്ലാ പൊഴിയുക, അതൊരു മാന്ത്രിക വടിയായും താന്‍ ഉപയോഗിക്കുന്ന കാര്യമോര്‍ത്തപ്പോള്‍ കൃഷ്ണന്‍ ഒന്നു ചിരിച്ചു..... കള്ളച്ചിരി...!. കള്ളനോട്ടത്തിന്റെയും പേറ്റന്റ് അങ്ങേര്‍ക്കു തന്നെ.

ജരാസന്ധന്‍ എന്നൊരു സുമോ ഗുസ്തിക്കാരനെ ശുട്ടുപോടാന്‍ കഴിവുണ്ടായിരുന്നെങ്കില്‍ താന്‍ പാണ്ഡവരുടെ പക്ഷത്തു നില്‍ക്കുമായിരുന്നോ? കൗരവര്‍ എല്ലാവിധ ജാഡയോടും കൂടി നാടു ഭരിക്കുമ്പോള്‍, കാട്ടില്‍ തെണ്ടി നടക്കുന്ന പാണ്ഡവരെ രക്ഷിക്കാന്‍ എന്തെല്ലാം ചെയ്യേണ്ടി വന്നു. കൃഷ്ണന്‍ ആപല്‍ ബാന്ധവനാണെന്ന പേരു നില നിര്‍ത്താന്‍. അത് ആ പാഞ്ചലിയെന്ന സൂത്രക്കാരി, പൂങ്കണ്ണീരു കാണിച്ച്, അസലായ് വിനിയോഗിക്കുകയും ചെയ്യ്‌തു.

യുദ്ധത്തിനു സന്ധിപോകാന്‍ തന്നെ യുധിഷ്ടിരന്‍ നിര്‍ബ്ബന്ധിച്ചപ്പോള്‍, ഇവന്മാര്‍ സ്വന്തം കാര്യം നോക്കികളാണെന്നു മനസ്സിലായതാണു. കൗരവര്‍, പാമ്പിന്‍ കൂട്ടിലേക്കു ചെല്ലുന്നതിനെക്കാള്‍ പേടിക്കണം.. ശകുനി, കര്‍ണ്ണന്‍, ദുര്യോദനന്‍, ദുശ്ശാസനന്‍... ഇങ്ങനെ ഒരുപാടെണ്ണം... അതില്‍ കര്‍ണ്ണനെ സോപ്പിടാം അവന്റെ ഫ്ലാഷ് ബാക്ക് പറഞ്ഞ് സെന്റിയടിക്കാം , എന്നാല്‍ മറ്റു രാജവെമ്പാലകള്‍.. !

ദുര്യോന്റ്റെ കാലു പിടിക്കാവുന്നതിന്റെ മാക്സിമം പിടിച്ചു. പാണ്ഡവരെന്ന കശ്മലന്മാര്‍ക്കു വേണ്ടി താഴാവുന്നതിന്റെ അങ്ങേയറ്റം. ഒടുവില്‍ ഹിന്ദി നടന്മാരെ വെല്ലുന്ന രീതിയില്‍ , ദുര്യോദനന്‍ പ്രഖ്യാപിച്ചു. 'കൃഷ്ണാ, സൂചി കുത്താന്‍ സ്ഥലം തരില്ലാ. അവനൊക്കെ ഒട്ടകത്തിന്റെ സ്വഭാവമാ.. പിന്നെ വന്നതല്ലേ, ഊണൂപുരയില്‍ ചെന്ന് പര്‍പ്പടവും കഞ്ഞിയും ചമ്മന്തിയും നാരങ്ങാ അച്ചാറും കൂട്ടി കഞ്ഞി കുടിച്ച് സ്ഥലം വിട്ടോ.'.!

ഇത്രയുമായപ്പോള്‍, തനിക്ക് സഹിച്ചില്ലാ.. മാജിക്ക് തുടങ്ങി. ( മാന്‍ഡ്റേക്ക് എന്ന ഒരുത്തന്‍ ഇതിലെ പല വിദ്യകളും പിന്നീട് കാണിച്ചിട്ടുണ്ട്. ഇപ്പോള്‍ ഈ മലയാള നാട്ടില്‍ ഒരു വിദ്വാന്‍ മുതുകാട്, തീയില്‍ ചാടി രക്ഷപ്പെടല്‍, തീവണ്ടി മായിച്ചു കളയല്‍, ഇത്യാതി നമ്പര്‍ കാണിച്ച് കാശുവാങ്ങുന്നത് നോം അറിയുന്നു.. അതിന്റെയൊക്കെ പേറ്റന്റ് എനിക്കാണു, മര്യാദക്കല്ലെങ്കില്‍ ഞാന്‍ ലോക കോടതിയില്‍ കേസു കൊടുക്കും..) ശംഖുവാളുഗദാചക്രധാരിയായ്, ശൂലമുസൂലപരിചകള്‍ തോളീല്‍ തൂക്കിയിട്ടവനായ്... വിഷ്ണൂബ്രഹ്മശിവനായ്, ഓം കാരമായ്, ഉജ്ജ്വലിച്ചു... എല്ലാ പഹയന്മാരുടേയും കണ്ണുകെട്ടി, ദുര്യോദനനെ മാത്രം കണ്ണുകെട്ടാതെ ഫ്രീയാക്കി.. എല്ലാരും സിംഹാസനത്തില്‍ നിന്നും ചാടി എണീറ്റ്, തൊഴുതു നിന്നു, ചിലര്‍ നിലവിളിച്ചു, ചിലര്‍ ബോധം കെട്ടുവീണൂ.....

വിശ്വരൂപം പിന്‍‌വലിച്ച്, താന്‍ സാധാ കൃഷ്ണനായ്, തന്നെ പിടിച്ചുകെട്ടിയിരുന്നെങ്കില്‍, തനിക്ക് ഹൗഡിനി 'റ്റെക്ക്നിക്ക്' ഒന്നു പരിക്ഷിക്കാമായിരുന്നു. അതു മാത്രം നടന്നില്ലാ...

ദൂത് പരാജയപ്പെട്ട്, വിദുരരുടെ വീട്ടില്‍ നിന്നും കഞ്ഞിയും കുടിച്ച്, കുന്തിയുടെ കുശുകുശുപ്പും കുന്നായ്മയും കേട്ട്, അത് പൊണ്ണന്മാര്‍ മക്കളോട് പറയാമെന്നു പ്രോമിസ് ചെയ്യ്‌ത് തന്റെ അവസാന അടവിനായി കര്‍ണ്ണന്റെ വീട്ടിലെക്കു നടന്നു...

'നീ, ഈ പാണ്ഡവരുടെ മുത്ത സഹോദരനാണു, കര്‍ണ്ണാ, നീ ഒരു തിരുത്തല്‍ വാദിയായല്‍ നിനക്ക് രാജ്യം ഭരിക്കാം, അഞ്ചു അനിയന്മാര്‍ നീ പറയുന്നതു മാത്രം കേട്ട് നില്‍ക്കും.. പാഞ്ചാലിയെ നിനക്കും കൂടെ ഷെയര്‍ ചെയ്യാം.......'

ഇത്തവണ കര്‍ണ്ണന്‍, കൃഷ്ണനെ നോക്കിയതേതു ഭാവത്തിലെന്നു കൃഷ്ണനു മനസ്സിലായില്ലാ....'പ്രഭോ, അങ്ങ പറഞ്ഞ കണ്ടീഷനൊന്നും ഞാന്‍ അംഗീകരിക്കാന്‍ പോകുന്നില്ലാ, എനിക്ക് ഒന്നുമില്ലാതിരുന്ന സമയത്ത് എല്ലാം ആയവനാണു ദുര്യോദനന്‍, അവനെ ഞാന്‍ കൈവെടിയില്ലാ. ഏതു സമ്പത്തിനെക്കാള്‍ എനിക്ക് എന്റെ വാക്കും സൗഹൃദവുമാണു പ്രധാനം...... അനിയന്മാര്‍ ഒരു ബെടക്കൂസനെയും ഞാന്‍ തട്ടാന്‍ പോകുന്നില്ലാ.. അവന്മാര്‍ക്ക് എന്റെ കൈയില്‍ നിന്നും മരിക്കാനുള്ള ഒരു യോഗ്യതയും ഇല്ലാ...'

എല്ലാം മായ...... തേരീ മായ ..! അനന്തരം, കര്‍ണ്ണന്‍ കോട്ടുവായിട്ടു.

ആദ്യമായ് ഒരു ധീരന്റെ ശബ്ദം കേട്ടതില്‍ ആഹ്ലാദിച്ച് കൃഷ്ണന്‍ പുറത്തിറങ്ങി. അപ്പോള്‍ കര്‍ണ്ണന്‍, കൃഷ്ണനെ സ്നേഹപൂര്‌വ്വം നോക്കി നില്‍ക്കുകയായിരുന്നു..... അത് അറിഞ്ഞ കൃഷ്ണനില്‍ ഒരു ചിരി വിരിഞ്ഞു.......!

ഏറ്റവും സമ്മോഹനമായത്, ഒരുമിച്ച് നോക്കി മന്ദഹസിക്കാറില്ലേ...?

6 comments:

പ്രിയ said...

:) പാവം കൃഷ്ണന്‍ എന്തൊരു കഷ്ടപ്പാടനുഭവിച്ചു. ഇതൊക്കെ ആലോചിക്കുമ്പോ എന്റെ കൃഷ്ണാ, ഞങ്ങളൊക്കെ എത്ര ഭാഗ്യം ചെയ്തവര് :)

"..... അത് അറിഞ്ഞ കൃഷ്ണനില്‍ ഒരു ചിരി വിരിഞ്ഞു.......!
ഏറ്റവും സമ്മോഹനമായത്, ഒരുമിച്ച് നോക്കി മന്ദഹസിക്കാറില്ലേ...? "

:) കൊള്ളാലോ കൃഷ്ണഗാഥ

പാറുക്കുട്ടി said...

ന്റെ കൃഷ്ണാ, നിനക്കും ഈ ഗതി വന്നൂലോ
നിക്ക് അറിയില്ലായിരുന്നു നീ ഇത്രേം വേദന ഉള്ളിലടക്കിയാ കഴിഞ്ഞതെന്ന്....


കൃഷ്ണഗാഥ ഉഗ്രൻ! ഒരു കോപ്പി ചെറുശ്ശേരിക്ക് അയച്ചു കൊടുത്താലോ?

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ആദ്യമായ് ഒരു ധീരന്റെ ശബ്ദം കേട്ടതില്‍ ആഹ്ലാദിച്ച് കൃഷ്ണന്‍ പുറത്തിറങ്ങി. അപ്പോള്‍ കര്‍ണ്ണന്‍, കൃഷ്ണനെ സ്നേഹപൂര്‌വ്വം നോക്കി നില്‍ക്കുകയായിരുന്നു..... അത് അറിഞ്ഞ കൃഷ്ണനില്‍ ഒരു ചിരി വിരിഞ്ഞു.......!

ഏറ്റവും സമ്മോഹനമായത്, ഒരുമിച്ച് നോക്കി മന്ദഹസിക്കാറില്ലേ...?
===================
ഇതൊരു സത്യം...ഭീമൻ കഴിഞ്ഞാൽ പിന്നെ ഒരേ ഒരു ധീരനേ ഉണ്ടായിട്ടുള്ളൂ..അതു കർണ്ണൻ ആണ്...ഇത്ര മനോഹരമായ ഒരു വ്യാഖ്യാനം പി.കെ ബാലകൃഷ്ണൻ പോലും നടത്തിയിട്ടില്ല

prathi said...

ഇത്രയ്ക്കും ടെൻഷൻമയമായിരുന്നു ജീവിതം എന്ന് ഒരിക്കലും കരുതീരുന്നില്ലാ..

ന്റെ കൃഷ്ണാ...!

Anonymous said...

പാവം കൃഷ്ണൻ, ഇത്രേം ദുരിതങ്ങളിലാരുന്നോ

Anonymous said...

പാവം കൃഷ്ണൻ, ഇത്രേം ദുരിതങ്ങളിലാരുന്നോ