ഭീഷ്മ പിതാമഹന്‍ ചെരിഞ്ഞപ്പോള്‍, പുതിയ ക്യപ്ടാനായി , തങ്ങളുടെ കളരിയാശാനെ ദുര്യോദനന്‍ അവരോധിച്ചു. തങ്ങള്‍ക്കൊതുക്കാന്‍ പറ്റാത്ത ഈ മാരണത്തെ,മരത്തലയന്മാര്‍ പാണ്ഡവര്‍ കൊന്നു തന്നാല്‍, കടല്‍ക്കിഴവന്മാരില്ലാത്തൊരു രാജ്യം അന്തസായി ഭരിക്കാമല്ലോ എന്ന് ദുര്യോദനന്‍ മനസ്സില്‍ കൊതിച്ചിരുന്നു.
ക്യാപ്റ്റസി ഏറ്റെടുക്കുന്ന സമയത്ത് ചുറ്റും നിന്ന പടയാളികള്‍ കുരവയിട്ടു.. പാണ്ഡവ പക്ഷത്തെ പടയാളികള്‍ കൂവി വിളിച്ചു. ദ്രോണര്‍ക്ക്, അതൊന്നും പുത്തരിയല്ലായിരുന്നു. സ്ഥിരം ആട്ടും തുപ്പും സഹിച്ച് അങ്ങേരുടെ തോലിനു കാട്ടുപോത്തിന്റെ കലിപ്പും ഉറപ്പും വന്നിരുന്നു..
ക്യാപ്റ്റന്റെ കുപ്പായം മാത്രം ധരിക്കാന്‍ അദ്ദേഹം തയ്യാറായില്ലാ. താന്‍ ഒരു ബ്രാഹ്മണനാണെന്നും, യുദ്ധക്കളം തനിക്ക് പൂജക്കളമാണെന്നു..ശത്രുക്കളുടെ തല തനിക്ക് പൂജിക്കാനായ് ഇറുത്തെടുക്കാനുള്ള പൂക്കളാണെന്നും അദ്ദേഹം പത്രക്കാരോട് പറഞ്ഞു... അസ്ത്ര ബ്രൂഫ് (പടച്ചട്ട) തനിക്ക് ഹറാമായതനാല്‍, താറും പാച്ചിയേ താന്‍ യുദ്ധം നടത്തുകയുള്ളുവെന്നും അദ്ദേഹം ലണ്ടന്‍ റ്റൈമിസിന്റെ ലേഖകനോട് മാത്രം പറഞ്ഞു. (മണ്ടനായതിനാല്‍ എന്തും എഴുതിക്കോളും എന്ന് ബ്രാഹ്മണന്റെ ചാണക്യ ബുദ്ധി പ്രവര്‍ത്തിച്ചു.)ബ്രാഹ്മണര്‍ക്ക്, പൂജയോ അല്ലെങ്കില്‍ ഹോട്ടല്‍ ബിസിനസോ മാത്രമാണു പറഞ്ഞിരിക്കുന്നതെന്നു.. യുധിഷ്ടിരന്‍, മനോരമ പത്രത്തിനു കൊടുത്ത അഭിമുഖത്തില്‍ വ്യക്തമാക്കി.. ദ്രോണരെ പേടിച്ചിട്ടല്ലേ ഈ പ്രസ്ഥാവനയെന്നു ചോദിച്ച ലേഖകനോട്, ദ്രോണരുടെ അപ്പനെപ്പോലും തനിക്ക് പേടിയില്ലെന്നും, അതൊരു ശുദ്ധബ്രാഹ്മണനായിരുന്നെന്നും യുധിഷ്ടിരന്‍ ഞെളീഞ്ഞിരുന്നു പറഞ്ഞു( ചന്തിക്കൊരു മൂട്ട കടിച്ചപ്പോഴാണു ഞെളിഞ്ഞതെന്നു.. അന്തഃപ്പുര രഹസ്യം)
ദ്രോണര്‍ തന്റെ ഫീല്‍ഡിങ്ങ് പൊസിഷന്‍ ആകെ മാറ്റി. പുതിയൊരു രീതിയിലാണു വിദ്വാന്‍ ഫീല്‍ഡ് സജീകരിച്ചത്, (ധോണീ എന്നൊരുത്തന്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ പല തന്ത്രങ്ങളുമാണു പയറ്റുന്നത്) സ്ലിപ്പില്‍ മൂന്നു വില്ലാളീകള്‍, ഗള്ളിയില്‍ ആനപ്പുറത്തൊരു കുന്തക്കാരന്‍, മിഡോഫിലും മിഡോണിലും തേരില്‍ കുറച്ച് പടയാളികള്‍.. ഒരു തേര്‍ഡ് മാനെ വെറുതെ കുന്തവും കൊടുത്ത് കീപ്പര്‍ക്കും പിന്നില്‍.. ഈ രീതിക്ക് ചക്രവ്യൂഹം എന്നൊരു പേരും നല്‍കി. ചിലന്തി വല എന്നൊരു 'ഗ്രാമ്യ നെയിമും' ഇതിനു പറയാം...
അനന്തരം മുപ്പതു വാര പിന്നില്‍ നിന്നും പാഞ്ഞു വന്ന് അങ്ങേര്‍ ബോള്‍ ചെയ്യാന്‍ തുടങ്ങി. പാണ്ഡവ പക്ഷത്തെ പ്രധാന ബാറ്റ്സ്മാന്‍മാരുടെ സ്റ്റെമ്പുകള്‍ തുരു തുരാ തെറിച്ചു.. ഒരു ഹാറ്റ്ട്രിക്ക് നേടി കളരിയാശാന്‍ അല്പം സംഭാരം കുടിച്ചു.. സംഭാരത്തിനു ഉപ്പു കൂടിപ്പോയെന്നു പറഞ്ഞ് അടുക്കളക്കാരെനെ ശുദ്ധ സംസ്കൃതത്തില്‍ ശകാരിച്ചു ( ച്ചാല്‍, തന്തക്കു വിളിച്ചൂന്ന് പച്ച മലയാളം).
പാണ്ഡവ പക്ഷം കളി ബഹിഷ്ക്കരിച്ച്, പവലിയനില്‍ കേറി,ധര്‍മ്മ പുത്രന്‍ കൃഷ്ണനെയും അര്‍ജ്ജുനനെയും ആവോളം ചീത്തവിളിച്ചു. യുദ്ധം ചെയ്യാതെ കാട്ടില്‍ തെണ്ടി നടന്നപ്പോള്‍ എന്തൊരു സുഖമായീരുന്നെന്നു നെഞ്ചത്തിടിച്ചു കൊണ്ടു വിളിച്ചു പറഞ്ഞു.. ആ സമയത്ത് കൃഷ്ണനും അര്‍ജ്ജുനനും അല്പം മിനുങ്ങാന്‍ യുദ്ധക്കളത്തില്‍ നിന്നും ഒന്നു മുങ്ങിയിരുന്നു.. തന്റെ അമ്മാവനെയും അച്ഛനെയും വല്ല്യച്ഛന്‍ തെറിവിളിക്കുന്നതു കേട്ടു സഹിക്കാന്‍ കാഴിയാതെ അഭിമന്യു ഇടപെട്ടു,
'വല്യച്ഛാ, അടങ്ങൂ ശാന്തനാകൂ... എന്തിനാ ഇങ്ങനെ അവരെ തെറി വിളിക്കുന്നത്.......?'
'എന്താടാ വിളിച്ചാല്‍? ചുമ്മാ മുച്ചീട്ടും കളിച്ചിരുന്ന എന്നെ നിന്റെ അച്ഛനും അമ്മാച്ചനും കൂടെയാ ഈ പണിക്ക് വിളിച്ചോണ്ടു വന്നത്.. എന്നിട്ടിപ്പോ രണ്ടും മുങ്ങീല്ലേ.?..ചെറ്റകള്‍..!
വീണ്ടും തന്റെ അച്ഛനെ തെറിയില്‍ കുളിപ്പിക്കാനുള്ള പരിപാടിയാണെന്നു മനസ്സിലാക്കിയ അഭിമന്യൂ ഉള്ള അഭിമാനം വെച്ചു പറഞ്ഞു..
'വല്യച്ചാ എനിക്കീ ചക്രവ്യൂഹത്തില്‍ ബാറ്റ് ചെയ്യാന്‍ അറിയാം റണ്‍സ് എടുക്കാന്‍ ഓടാന്‍ റണ്ണറായി നിന്നോളണം..'.
ഗതികെട്ട യുധിഷ്ടിരന്‍ അതിനു സമ്മതിച്ചു..(പുലി പുല്ലും തിന്നും എന്ന പഴം ചൊല്ല് ഇവിടെ പിറവി കൊള്ളുന്നു.)പിന്നീട് യുദ്ധക്കളം ഒരു വെടിക്കെട്ടു ബാറ്റിങ്ങ് കണ്ടു. സിക്സര് അമ്പുകള്‍, ബൗണ്ടറി അമ്പുകള്‍, (ഒരു അസ്ത്രം കൊണ്ട് ആറ് തലകള്‍ എടുക്കുന്ന വിദ്യ സിക്സര്‍, നാല് എടുക്കുന്നത് ബൗണ്ടറി.. കളി നിയമങ്ങള്‍ അറിയാത്ത ഇന്ത്യയിലെ പാവം കാണീകള്‍ക്കു വേണ്ടി ദ് ഹിന്ദു, എഴുതിയ ലേഖനത്തില്‍ നിന്നു.) അങ്ങനെ ഏറ്റവും വേഗമേറിയ സെഞ്ചൊറി പയ്യന്‍ നേടി. ചക്രവ്യൂഹം തകര്‍ത്തു തരിപ്പണമാക്കി അഭിമന്യൂ മുന്നേറിയപ്പോള്‍, കളരിയാശാന്‍, തുരു തുരാ ബൗണ്‍സറുകള്‍ എറിഞ്ഞു. കളി നിയമത്തില്‍ ഇത്രയും ബൗണ്‍സറുകള്‍ എറിയാന്‍ പാടില്ലെന്നു പറഞ്ഞ 'അമ്പയറെ' കുനിച്ചു നിര്‍ത്തി കൂമ്പിനിടിക്കും എന്നു ഭയപ്പെടുത്തി നിശ്ശബ്ദനാക്കി. തന്റെ ഒടിഞ്ഞ ബാറ്റ് മാറാന്‍ ഒരു അവസരം ചോദിച്ച അഭിമന്യുവിനോട്, 'പൊട്ട ബാറ്റൂമായാണോടാ ഇന്‍ര് നാഷണല്‍ വാറിനു വരിക?' എന്ന് പുലഭ്യം പറഞ്ഞു..!
പിന്നീട് ജയദ്രഥന്‍ എന്ന സ്പിന്നറെക്കൊണ്ട് 'ദൂസര' എന്ന ബോള്‍ എറിയിച്ചു. കാലിലേക്ക് ഉന്നം നോക്കി സ്റ്റെമ്പിനെറിയുന്ന വിദ്യ.. അതു ഫലിച്ചു......!
ആ യുദ്ധ വീരന്‍ മരിച്ചു.....! അഭിമന്യുവെന്ന യുവ ധീരന്‍ മരിച്ചു വീണൂ..! അന്തരീക്ഷത്തിലെ പൊടി പടലങ്ങള്‍ മാറിയപ്പോള്‍, മണ്ണില്‍ പുതച്ച്, ധീരമായൊരു ചിരിയോടെ ആ അഭിമാനം മരിച്ചു കിടന്നു.!
തന്റെ അഴിഞ്ഞ ഉടുമുണ്ടു പോലും എടുക്കാതെ യുധിഷ്ടിരന്‍ യുദ്ധക്കളത്തില്‍ നിന്നും ഓടി രക്ഷപ്പെട്ടു!
ദ്രോണരെ ഇങ്ങനെ വിട്ടാല്‍ അയാള്‍ പാണ്ഡവകുലത്തിന്റെ ചാറെടുത്ത് ചപ്പാത്തി കഴിക്കുമെന്നു മനസ്സിലാക്കിയ ഗൂഡാലോചന സംഘം രാത്രി, മുഴുവന്‍ പട്ട അടിച്ചിരുന്നു ആലോചിച്ചു. ഭീമന്‍ ഒരു വീപ്പ മണവാട്ടിയടിച്ച് നൂറ്റൊന്നു പുഴുങ്ങിയ മുട്ടയും തിന്ന് ഏമ്പക്കം വിട്ട് ഗൂഡാലോചനയില്‍ തനിക്കാവുന്ന പങ്ക് അഗാധമായ് നിര്‍വ്വഹിച്ചു. അവസാനം കൃഷ്ണന്‍ തന്നെ പുതിയൊരു നമ്പരിട്ടു. കാര്യം ദ്രോണര്‍ അവരുടെ ക്യാപ്റ്റനാണെങ്കിലും മറ്റെല്ലാം സ്കൂള്‍ മാഷുന്മാരെപ്പോലെയും തന്റെ മകന്‍ അശ്വത്ഥാമാവിനോട് കൂറ് ഏറെയാണു. അവന്‍ തട്ടിപ്പോയെങ്കില്‍ മാത്രമേ കളരിയാശാന്‍ അല്പമെങ്കിലും തളരുകയുള്ളൂ.. അശ്വത്ഥാമാവാണെങ്കില്‍, പെറോട്ടാ മാവിനെക്കാള്‍ ഭയങ്കരനും.. ഒരുമാതിരി ആള്‍ക്കാര്‍ക്കൊന്നും കുഴച്ചെടുക്കാനാവാത്ത വിധം കടുപ്പം.. അതിനാല്‍ ഒരു ആനക്ക് അശ്വത്ഥാമാവെന്നു പേരിട്ട് അതിനെ ഭീമന്‍ കൊല്ലുക. സത്യസന്ധന്‍ എന്ന കളര്‍കുപ്പായവുമിട്ടു നടക്കുന്ന ധര്‍മ്മ പുതര്‍ അതു ദ്രോണരൊട് പറയുക.
.ഐഡിയ എല്ലാര്‍ക്കും ഇഷ്ടമായ്. ഒരു കുപ്പി ആനമയക്കിയുടെ കോര്‍ക്ക് കടിച്ചു തുറന്ന് വലിച്ചുകുടിച്ച് അര്‍ജ്ജുനന്‍ ആശ്വസിച്ചു. അപ്പോള്‍ ധര്‍മ്മപുത്രന്‍ പറഞ്ഞു, 'എനിക്കീ നുണപറയാനൊന്നും പറ്റില്ലാ, ഞാന്‍ സത്യ സന്ധനാണു.' അതു വരെ മിണ്ടാതിരുന്ന ഭീമന്‍ കൃഷ്ണന്റെ ചെവിയില്‍ പറഞ്ഞു.
'മര്യാദക്ക് പറഞ്ഞില്ലെങ്കില്‍ അങ്ങേരുടെ മര്‍മ്മം ഞാന്‍ ഇടിച്ചു കലക്കും എന്നു പറ'കൃഷ്ണന്‍ , അതു ധര്‍മ്മപുത്രനോടു പറഞ്ഞപ്പോള്‍, ആള്‍ ഒന്നും മിണ്ടാതെ തലകുലുക്കി സമ്മതിച്ചു. ഭാരത പുരാണം അനുസരിച്ച്, ചേട്ടന്മാരോട് അനിയന്മാര്‍ തറുതല പറയാന്‍ പാടില്ലെന്ന നിയമം അന്നുമുതല്‍ ഇങ്ങനെ നിലവില്‍ വന്നു.!
യുദ്ധക്കളത്തില്‍, ചോരയില്‍ കുളിച്ച്, മദോന്മത്തനായ് യുദ്ധം ചെയ്യ്‌തു പ്രസാദിച്ചു നിന്ന ദ്രോണര്‍ , അശ്വത്ഥാമാവു മരിച്ചുവെന്ന വാര്‍ത്തകേട്ട് ഞെട്ടി. അഴിഞ്ഞ താറ് ഒന്നു മുറുക്കിയുടുത്ത്, ധര്‍മ്മ പുത്രന്റെ അടുത്തെത്തി,
ചോദിച്ചു: മകാനേ ഞാന്‍ കേട്ട വാര്‍ത്ത ശരിയാണോ'?
അത്യധികം ദുഃഖം അനുഭവിക്കുന്നതുപോലെ അഭിനയിച്ച് (ഈ അഭിനയത്തിനു പിന്നീട് ഓസ്ക്കാര്‍ അവാര്‍ഡ് കിട്ടുകയുണ്ടായി) അശ്വത്മാവ് എന്ന ആന ചത്തു. എന്ന് ആള്‍ അറിയിച്ചു..( ചെരിഞ്ഞൂ എന്ന വാക്കിനു പകരം ചത്തു എന്ന വാക്കാണു യുധിഷ്ടിരന്‍, വ്യാകരണ നിയമം തെറ്റിച്ചു പറഞ്ഞത്.)
യുദ്ധത്തില്‍ കൗരവരെയും പാണ്ഡവരെയും തകര്‍ത്തു മുടിച്ചിട്ട് തനിക്കും തന്റെ മകനും കൂടി രാജ്യം വാഴാമെന്ന മോഹം പൊലിഞ്ഞതോര്‍ത്തപ്പോള്‍, കളരിയാശാന്റെ വായൂ കോപിച്ചു. ഉഗ്രമായ വയറിനു വേദന, വയറും പൊത്തിപ്പിടിച്ച്, ആശാന്‍ തേരില്‍ കുത്തിയിരുന്നു. പിന്നീട് ഈ കുത്തിയിരിക്കല്‍ യോഗയില്‍ ഒരു ആസനമായ് തീര്‍ന്നു.. വായൂ കോപാസനം..!
കിട്ടിയ തക്കത്തിനു പണ്ട് തന്റെ അഛന്‍, ദ്രുപതനെ, നാണം കെടുത്തിയ കളരിയാശാനിട്ട് ഒരു പണികൊടുക്കാന്‍ കാത്തു കാത്തിരുന്ന ധൃഷ്ടദ്യമനന്‍ ( ഇവന്റെ പേരുവിളിച്ച് ആ നാട്ടിലെ ഒരുപാട് ആള്‍ക്കാരുടെ നാവ് ഉളുക്കിയിട്ടുണ്ട്..) തന്റെ വാളുമായി ചാടിയിറങ്ങി, ദ്രോണരുടെ തേരില്‍ ചാടിക്കയറി, പറന്നു വെട്ടി....... കഴുത്തില്‍ നിന്നും വേര്‍പ്പെട്ട ശിരസ്, വായുവിലൂടെ നിലത്തു വീണുരുണ്ടു.. !
ദ്രോണരെ കൊന്ന് അന്നത്തെ വാര്‍ത്തയില്‍ താരമാകാനിരുന്ന അര്‍ജ്ജുനനു ഇതു സഹിച്ചില്ലാ.....
'കശ്മലാ!നീ എന്റെ ഗുരുവിനെ കൊന്നോ ? സാമദ്രോഹീം ഇന്നു നിന്നെ ഞാന്‍ പൂശിക്കളയും'!എന്ന് ഗര്‍ജ്ജിച്ച് തേരില്‍ നിന്നും ഞൊണ്ടി ഞോണ്ടി ഇറങ്ങി.
ഇത്തവണ ധൃഷ്ടദ്യുമനന്‍, തിരിഞ്ഞു നിന്ന് അങ്ങാടിപ്പാട്ടു പാടി.
'നിന്നെയൊക്കെ സഹായിക്കാന്‍ വന്ന എന്നെ തൊട്ടാല്‍, നിന്നെയൊക്കെ നിലം തൊടാതെ ശുട്ടുപോടിടുവേന്‍' എന്ന് അലറി...
' തമിഴ് പറയുന്നവരോട് എനിക്ക് ദേഷ്യമില്ലെന്നു' പറഞ്ഞ്, അര്‍ജ്ജുനന്‍ വന്നപോലെ തേരിലേക്ക്, കൃഷ്ണന്റെ പിന്നിലേക്ക്,തിരിച്ചോടി...
കൃഷ്ണന്‍ രണ്ടുപേരെയും ശാന്തരാക്കാന്‍, നല്ല നാടന്‍ കള്‍സ് ഒഴിച്ചു കൊടുത്തു...
കള്‍സ് കുടിച്ച് ചിറി തുടച്ച്, ധൃഷ്ടദ്യുമനന്‍ ചോദിച്ചൂ.....
റ്റച്ചിങ്ങ്സ് ഒന്നും ഇല്ലേടെയോ...?
Subscribe to:
Post Comments (Atom)

No comments:
Post a Comment